
മുംബയ് : വ്യാജരേഖ ചമച്ചുവെന്ന കേസിൽ ആക്ടിവിസ്റ്റ് ടീസ്ത സെതൽവാദിനെ ഗുജറാത്ത് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡും ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാറിനെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സംഘവും അറസ്റ്റ് ചെയ്തു. 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ രേഖകൾ ടീസ്ത പൊലീസിന് നൽകിയെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ ആരോപണത്തിന് പിന്നാലെയാണ് അറസ്റ്റ്.
മുംബയ് ജുഹുവിന് സമീപത്തെ വസതിയിൽ നിന്നാണ് ടീസ്തയെ കസ്റ്റഡിയിലെടുത്തത്. ടീസ്തയ്ക്ക് പിന്നാലെ മലയാളിയായ ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാറിനെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സംഘമാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട്, ടീസ്തയ്ക്കും ശ്രീകുമാറിനുമൊപ്പം ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖകൾ ചമച്ചെന്നാണ് കേസ്.
ഇന്നലെ രാവിലെ ടീസ്തയ്ക്കെതിരെ ഗുജറാത്ത് പൊലീസിന് പരാതി ലഭിച്ചതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഇന്നലെ വൈകിട്ട് മൂന്നോടെ ടീസ്തയെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇവരെ മുംബയിലെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇവരെ അഹമ്മദാബാദിലേക്ക് കൊണ്ടുപോകും.
ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രീംകോടതി കഴിഞ്ഞ ദിവസം ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇൗ കേസിൽ കലാപത്തിനിടെ കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എം.പി ഇഹ്സാൻ ജാഫ്റിയുടെ ഭാര്യ സാകിയ ജാഫ്റിക്ക് നിയമയുദ്ധത്തിലുടനീളം ടീസ്തയുടെ സന്നദ്ധസംഘടനയാണ് പിന്തുണ നൽകിയത്. കേസിലെ സഹ ഹർജിക്കാരിയായിരുന്ന ടീസ്ത പരാതിക്കാരിയായ സാകിയ ജാഫ്റിയുടെ മനോനില മുതലെടുത്തെന്ന് കോടതി വിധിയിൽ പരാമർശിച്ചിരുന്നു.