kk

അഹമ്മദാബാദ് : ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ആർ.ബി. ശ്രീകുമാറിനെ എ.ടി.എസ് അറസ്റ്റു ചെയ്തു. ഗാന്ധിനഗറിലെ വസതിയിൽ നിന്നാണ് ആർ.ബി. ശ്രീകുമാറിനെ അറസ്റ്റു ചെയ്തത്. നേരത്തെ സാമൂഹ്യപ്രവർത്തക ടീസ്റ്റ സെതൽവാദിനെ മുംബയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് അഹമ്മദാബാദിലേക്ക് കൊണ്ടുപോയിരുന്നു. ടീസ്റ്റ സെതൽവാദ്,​ പൊലീസ് ഉദ്യോഗസ്ഥരായിരുന്ന ആർ.ബി.ശ്രീകുമാർ,​ സഞ്ജയ് ഭട്ട് എന്നിവർക്കെതിരെയാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ വിഭാഗം കുറ്റപത്രം തയ്യാറാക്കിയത്,​

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു,​ വ്യാജരേഖ ചമച്ചു,​ ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസടുത്തിരിക്കുന്നത്. ഗുജറാത്ത് കലാപത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കൊല്ലപ്പെട്ട കോൺഗ്രസ് എം.പി ഇഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി നൽകിയ ഹർജി വെള്ളിയാഴ്ച സുപ്രിംകോടതി തള്ളിയിരുന്നു. നരേന്ദ്ര മോദി ഉൾപ്പെടെ 64 പേർക്ക് ക്ലീൻചിറ്റ് നൽകിയ നടപടി ശരിവെച്ചുകൊണ്ടായിരുന്നു സുപ്രിംകോടതി വിധി. 2017 ഒക്ടോബർ 5ലെ ഗുജറാത്ത് ഹൈക്കോടതി വിധി ചോദ്യംചെയ്ത് സാക്കിയ ജാഫ്രി നൽകിയ അപ്പീലാണ് ജസ്റ്റിസ് ഖാൻവിൽക്കറും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും സി.ടി. രവികുമാറും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.

ടീസ്റ്റ സെതൽവാദിനെ മുംബയിലെ വീട്ടിൽ നിന്നാണ് ഇന്ന് ഉച്ചയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വഞ്ചനയ്‌ക്കായി വ്യാജരേഖ ചമയ്ക്കൽ വ്യാജ രേഖയോ ഇലക്ട്രോണിക് രേഖയോ യഥാർത്ഥമായി ഉപയോഗിക്കൽ, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്ന് സെതൽവാദിന്റെ അഭിഭാഷകൻ പറ‌ഞ്ഞു.