
സുരേഷ് ഗോപി - ജയരാജ് കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഹൈവേയ്ക്ക് 27 വർഷങ്ങൾക്ക് ശേഷം രണ്ടാം ഭാഗം വരുന്നു. ഹൈവേ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജയരാജ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയുടെ 254ാമത് ചിത്രമായി പുറത്തിറക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. ടൈറ്റിൽ പോസ്റ്ററിനൊപ്പം സുരേഷ് ഗോപിയാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.
1995ൽ പുറത്തിറങ്ങിയ ഹൈവേ ആക്ഷൻത്രില്ലർ വിഭാഗത്തിൽപെട്ട ചിത്രമായിരുന്നുവെങ്കിൽ രണ്ടാം ഭാഗം മിസ്റ്ററി ആക്ഷൻ ത്രില്ലർ ആയാണ് ഒരുങ്ങുന്നത്. ലീമ ജോസഫ് ആണ് നിർമ്മാണം.
സാബ്‌ജോണിന്റെ തിരക്കഥയിൽ 1995ൽ പുറത്തിറങ്ങിയ ഹൈവേ പ്രേംപ്രകാശ് ആണ് നിർമ്മിച്ചത്. ഭാനുപ്രിയയായിരുന്നു നായിക. ജനാർദ്ദനൻ, വിജയരാഘവൻ, ജോസ് പ്രകാശ്, അഗസ്റ്റിൻ, കുഞ്ചൻ, സുകുമാരി, സ്ഫടികംജോർജ്, വിനീത്, സിൽക്ക് സ്‌മിത തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.