kk

തിരുവനന്തപുരം: ജനവാസ മേഖലയെ ബഫർ സോണിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് വനംമന്ത്രി എ.കെ. ശശീന്ദ്രൻ കത്തയച്ചു. ബഫർസോണിന് ഒരു കിലോമീറ്റർ പരിധി നിശ്ചയിച്ചതിനെതിരെ നിയമനിർമ്മാണം നടത്തണം. വന്യജീവി സങ്കേതങ്ങളെയും ദേശീയോദ്യാനങ്ങളെയും പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

ബഫർസോൺ വിഷയത്തിൽ ഇടപെടലുണ്ടായില്ലെന്ന് ആരോപിച്ച് എസ്.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടച്ചുതകർത്തതിന് പിന്നാലെയാണ് വനംമന്ത്രി കേന്ദ്രത്തിന് കത്തയച്ചത്. ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധി നടപ്പാക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും ഒഴിവാക്കേണ്ട പ്രദേശങ്ങളുടെ വിശദാംശങ്ങളും ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

വനം മേധാവിയുടെ നേതൃത്വത്തിൽ വനം റവന്യു തദ്ദേശ ഭരണ വകുപ്പുകൾ സംയുക്തമായി ഇതു സംബന്ധിച്ച സര്‍വേയും പഠനവും നടത്തുന്നുണ്ട്. മൂന്ന് മാസത്തിനകം പ്രദേശങ്ങളെ ഇനം തിരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്.