
ന്യൂഡൽഹി : മഹാരാഷ്‌ട്രയിൽ സർക്കാർ രൂപീകരണ ശ്രമത്തിന്റെ ഭാഗമായി വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ മുൻമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്‌ച നടത്തി. ഗുജറാത്തിലെ വഡോദരയിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്തതായി റിപ്പോർട്ടുണ്ട്.
അസാമിലെ ഗുവാഹത്തിയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഷിൻഡെ വഡോദരയിലെത്തിയതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചർച്ചയ്ക്ക് ശേഷം ഷിൻഡെ ഗുവാഹത്തിയിലേക്ക് മടങ്ങി. ഷിൻഡെയ്‌ക്കൊപ്പം 40 എം.എൽ.എമാരാണ് പിന്തുണ പ്രഖ്യാപിച്ച് ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലുള്ളത്. അതേസമയം ഷിൻഡെ ഉൾപ്പെടെ 16 എം.എൽ.എമാർക്ക് മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ അയോഗ്യത നോട്ടീസ് നൽകി. തിങ്കളാഴ്ച വൈകുന്നേരത്തിനകം മറുപടി നൽകണമെന്നും മുംബയിൽ ഹാജരാകാനും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ ഷിൻഡെ 'ശിവസേന ബാലാസാഹേബ്' എന്ന പാർട്ടി രൂപീകരിച്ചതായി വിമത എം.എൽ.എ ദീപക് കേസർകർ വ്യക്തമാക്കി. പ്രോട്ടോക്കോൾ പ്രകാരം എം.എൽ.എമാർക്കും കുടുംബത്തിനും നൽകേണ്ട സുരക്ഷ സർക്കാർ ഒഴിവാക്കിയെന്ന് വിമതർ കുറ്റപ്പെടുത്തി. പലരുടെയും വീടുകൾ ആക്രമിക്കപ്പെട്ടുവെന്നും സഞ്ജയ് റാവത്ത് ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് ആക്രമണം ഉണ്ടായതെന്നും അവർ പറഞ്ഞു. അതേസമയം വിമതർക്കെതിരായ പ്രതിഷേധം കണക്കിലെടുത്ത് താനെ ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തി. പ്രതിഷേധ പരിപാടികളും കൂട്ടം ചേരലും ജൂൺ 30 വരെ താത്‌കാലികമായി നിരോധിച്ചു. മുംബയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.