teesta-setalvad

മുംബയ് : വ്യാജരേഖ ചമച്ചുവെന്ന കേസിൽ സാമൂഹിക പ്രവർത്തക തീസ്​ത സെ​തൽവാദിനെ ഗുജറാത്ത് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡും ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാറിനെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സംഘവും അറസ്റ്റ് ചെയ്തു. 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ രേഖകൾ തീസ്​ത പൊലീസിന് നൽകിയെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ ആരോപണത്തിന് പിന്നാലെയാണ് അറസ്റ്റ്.

മുംബയ് ജുഹുവിന് സമീപത്തെ വസതിയിൽ നിന്നാണ് തീസ്തയെ കസ്​റ്റഡിയിലെടുത്തത്. തീസ്തയ്ക്ക് പിന്നാലെ മലയാളിയായ ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാറിനെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സംഘമാണ് അറസ്റ്റ് ചെയ്തത്. മ​റ്റൊരു മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട്, തീസ്തയ്ക്കും ശ്രീകുമാറിനുമൊപ്പം ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖകൾ ചമച്ചെന്നാണ് കേസ്. ജയിലിൽ കഴിയുന്ന സഞ്ജീവ് ഭട്ട് ഒന്നാം പ്രതിയും ശ്രീകുമാർ, തീസ്ത എന്നിവർ യാഥാക്രമം രണ്ടും മൂന്നും പ്രതികളായാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇന്നലെ രാവിലെ തീസ്തയ്ക്കെതിരെ ഗുജറാത്ത് പൊലീസിന് പരാതി ലഭിച്ചതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഇന്നലെ വൈകിട്ട് മൂന്നോടെ തീസ്തയെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇവരെ മുംബയിലെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും പിന്നാലെ അഹമ്മദാബാദിലേക്ക് കൊണ്ടുവരികയും ചെയ്തു.

ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ 64 പേർക്ക് സുപ്രീം കോടതി കഴിഞ്ഞ ദിവസം ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഈ കേസിൽ കലാപത്തിനിടെ കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എം.പി ഇഹ്സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രിക്ക് നിയമയുദ്ധത്തിലുടനീളം തീസ്തയുടെ സന്നദ്ധസംഘടനയാണ് പിന്തുണ നൽകിയത്. കേസിലെ സഹ ഹർജിക്കാരിയായിരുന്ന തീസ്​ത പരാതിക്കാരിയായ സാകിയ ജാഫ്രിയുടെ മനോനില മുതലെടുത്തെന്ന് കോടതി വിധിയിൽ പരാമർശിച്ചിരുന്നു.

കലാപകാലത്ത് ഗുജറാത്ത് പ്രധാനമന്ത്രിയായിരുന്ന മോദിയടക്കമുള്ളവർക്കെതിരെ ഗൂഡാലോചനക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് സാകിയ ജാഫ്രി നൽകിയ പരാതികളിലെ ഭൂരിഭാഗം ആരോപണങ്ങളും ശ്രീകുമാർ നാനാവതി കമ്മീഷനുമുമ്പാകെ നൽകിയ ഒമ്പത് സത്യവാങ്‌മൂലത്തിൽ നിന്നുള്ളവയാണെന്ന് പൊലീസ് പറയുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ നൽകുന്നതിനായി ഫയലുകൾ തിരുത്തിയെന്ന ആരോപണവും ഉയർന്നു.

ഭട്ടും ശ്രീകുമാറും തയ്യാറാക്കിയ രേഖകൾ ഉപയോഗിച്ച് വ്യാജമൊഴികൾ നൽകാൻ തീസ്‌ത സാക്ഷികളെ പഠിപ്പിച്ചതായാണ് മറ്റൊരു ആരോപണം. നിരപരാധികളെ പ്രതികളാക്കാനായി മൂവരും കൂട്ടുചേർന്ന് പ്രവർത്തിച്ചുവെന്നാണ് എഫ് ഐ ആറിൽ വ്യക്തമാക്കുന്നത്.