one-day-trip-

ശാസ്താംകോട്ട: എസ്.എസ്.എൽ.സി പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥികളെ ചേർത്ത് പിടിച്ച് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും ബി.ആർ.സി യുടെയും ആഭിമുഖ്യത്തിൽ വിജയത്തിനരികെ എന്ന വിനോദ സന്ദേശയാത്ര സംഘടിപ്പിച്ചു. വിജയികൾക്ക് അനുമോദനവുമായി ആയിരങ്ങൾ എത്തുമ്പോൾ പരാജിതരെ സമൂഹം അവഗണിക്കുകയാണ് പതിവ്.

പരാജിതരെ ചേർത്തു നിറുത്തി അവരെ വലിയ വിജയങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ചടങ്ങ് സംഘടിപ്പിച്ചത്. കൃഷ്ണപുരം കൊട്ടാരം, അഴീക്കൽവലിയഴീക്കൽ ലൈറ്റ്‌ഹൌസ്, അഴീക്കൽവലിയഴീക്കൽ പാലം കൂടാതെ മറ്റ് വിനോദ സഞ്ചാര സ്ഥലങ്ങളും സന്ദർശിച്ചു. കൃഷ്ണപുരം കൊട്ടാരത്തിൽ വച്ച് വിവിധ മേഖലകളിലെ പ്രഗത്ഭർ കുട്ടികൾക്ക് ക്ലാസ് നൽകി. മൈനാഗപ്പള്ളി പഞ്ചായത്തിലെ കുട്ടികളും രക്ഷകർത്താക്കളും യാത്രയുടെ ഭാഗമായി.

രാവിലെ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് ഫ്ളാഗ് ഒഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ലാലിബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജി ചിറക്കുമേൽ, മറ്റ് വാർഡുകളിലെ ജനപ്രതിനിധികൾ,സെക്രട്ടറി സി.ഡമാസ്റ്റൻ , അസിസ്റ്റന്റ് സെക്രട്ടറി സിദ്ദിഖ് ,ബി.ആർ.സി കോർഡിനേറ്റർ പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.