
നടൻ സുരേഷ് ഗോപിക്ക് ഇന്ന് 64-ാം പിറന്നാള്‍. താരത്തിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് സഹപ്രവർത്തകരൊക്കെ ആശംസകളുമായി എത്തുകയാണ്.
രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന താരം ഒരു ഇടവേളയ്ക്ക് ശേഷം 2020 ലാണ് സിനിമയിലേയ്ക്ക് മടങ്ങിയെത്തിയത്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെയായിരുന്നു മടങ്ങിവരവ്. പിന്നാലെ നിരവധി പ്രോജക്‌ടുകളിലൂടെ സുരേഷ് ഗോപി വീണ്ടും സജീവമായി.
താരത്തിന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി നിരവധി സഹപ്രവർത്തകരും ആരാധകരും എത്തിയിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജോണി ആന്റണി, ഷാജി കൈലാസ്, മേജര്‍ രവി തുടങ്ങിയവർ ആശംസകളുമായി എത്തി.

പ്രിയപ്പെട്ട സുരേഷിന് ജന്മദിനാശംസകൾ എന്ന് മമ്മൂട്ടി കുറിച്ചു. 'കിംഗ് ആന്റ് കമ്മീഷണർ' എന്ന ചിത്രത്തിലെ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി ആശംസകൾ അറിയിച്ചത്. നടൻ മോഹൻലാലും ദിലീപും ആശംസകൾ അറിയിച്ചു.
സുരേഷ് ഗോപിയുടെയും തന്റെയും കുടുംബങ്ങളോടൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് സംവിധായൻ ഷാജി കെെലാസ് പിറന്നാൾ ആശംസകൾ അറിയിച്ചത്. എന്റെ മേജറിന്, എന്റെ പ്രിയപ്പെട്ട സുരേഷേട്ടന് ഒരായിരം ജന്മദിനാശംസകൾ എന്ന് സംവിധായകനും നടനുമായ ജോണി ആന്റണി കുറിച്ചു.
