maha

മുംബയ്: ഭരണപ്രതിസന്ധി നിലനിൽക്കുന്ന മഹാരാഷ്‌ട്രയിൽ അധികാരം നഷ്‌ടപ്പെടാതിരിക്കാൻ അവസാന ശ്രമവും നടത്തുകയാണ് ഉദ്ദവ് താക്കറെ പക്ഷം. പാർട്ടിയിൽ ഭൂരിപക്ഷം പരുങ്ങലിലാണെങ്കിലും പാ‌ർട്ടി പ്രവർത്തകർക്കിടയിൽ ഇപ്പോഴും ഉദ്ദവ് താക്കറെയ്‌ക്ക് സ്വീകാര്യതയുള‌ളതായാണ് സൂചനകൾ. ഏക്‌നാഥ് ഷിൻഡെയെ പിന്തുണയ്‌ക്കുന്ന വിമത എംഎൽഎമാർക്കെതിരെ ശിവസേന പ്രവർത്തകർ വിവിധ പ്രതിഷേധങ്ങൾ ആരംഭിച്ചിട്ടുണ്ട്. വിമത എംഎൽഎമാരുടെ ചിത്രത്തിൽ ചെരുപ്പിനടിക്കുന്ന പ്രതിഷേധമാണ് ഒന്ന്. പൂനെയിലാണ് പരിപാടി സംഘടിപ്പിച്ചത്. ഗുവാഹത്തിയിലെ ഹോട്ടലിൽ ഷിൻഡെ ക്യാമ്പിന്റെ യോഗം ചേരുകയാണ്. ഇതിനിടെ കല്യാണിൽ ഏക്‌നാഥ് ഷിൻഡെയുടെ ഓഫീസിന് വലിയ സുരക്ഷ തന്നെ ഏർപ്പെടുത്തി. ഏക്‌നാഥിന്റെ മകനും പാർലമെന്റ് അംഗവുമായ ശ്രീകാന്ത് ഷിൻഡെയുടെ ഓഫീസ് കഴിഞ്ഞദിവസം തകർക്കപ്പെട്ടിരുന്നു.

വിമത ശിവസേന എംഎൽഎമാർക്കെതിരെ മുംബയിൽ ശിവസേന പ്രതിഷേധിച്ച് ബൈക്ക് റാലി നടത്തി. ശിവസേനയുടെ സഭയിലെ നേതാവിനെ മാറ്റിയ ഉദ്ദവ് താക്കറെയുടെ നടപടിയെ കോടതിയിൽ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ഷിൻഡെ ക്യാമ്പ്. ഉദ്ദവിന്റെ നീക്കം നിയമവിരുദ്ധമാണെന്നും ഷിൻഡെ ക്യാമ്പ് അഭിപ്രായപ്പെടുന്നു. അതേസമയം മഹാരാഷ്‌ട്രയിലെ കാര്യങ്ങളെക്കുറിച്ച് തനിക്കൊരു ധാരണയുമില്ലെന്ന് ബിജെപി ഗുജറാത്ത് പ്രസിഡന്റ് ചന്ദ്രകാന്ത് ദാദ പാട്ടീൽ അറിയിച്ചു. മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നായിരുന്നു പാട്ടീൽ അഭിപ്രായപ്പെട്ടത്.

അതേസമയം പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ശിവസേനയിലെ എം എൽ എമാരെ മെരുക്കാൻ പുതിയ ഓപ്പറേഷനുമായി ശിവസേന. വിമതരുടെ ഭാര്യമാരെ നേരിൽ കണ്ട് കാര്യങ്ങൾ മനസിലാക്കിച്ച് അവരുടെ ഭർത്താക്കന്മാരോട് സംസാരിക്കാൻ ആവശ്യപ്പെടാനാണ് തീരുമാനം. ഇതിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ കളത്തിലിറങ്ങി.

നിലവിൽ ഗുവാഹത്തിയിലെ ആഢംബര ഹോട്ടലിൽ താമസിക്കുന്ന വിമതരെ തിരികെ സംസ്ഥാനത്ത് എത്തിച്ചാൽ കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്താമെന്നാണ് പാർട്ടി നേതൃത്വം കണക്ക് കൂട്ടുന്നത്. മഹാരാഷ്ട്രയിലെ എം എൽ സി തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമാണ് ബഹുഭൂരിപക്ഷം ശിവസേന എം എൽ എമാരുമായി ഏകനാഥ് ഷിൻഡെ സംസ്ഥാനം വിട്ടത്. ആദ്യം ഗുജറാത്തിലേക്കും, പിന്നീട് അസാമിലേക്കുമാണ് സംഘം പോയത്. ഓരോ ദിവസം പിന്നിടുമ്പോഴും സ്വതന്ത്രർ ഉൾപ്പെടെ കൂടുതൽ എംഎൽഎമാർ വിമത ക്യാമ്പിൽ ചേർന്നത് ഉദ്ധവിനും പാർട്ടി നേതൃത്വത്തിനും തലവേദനയായി.

മഹാരാഷ്ട്ര നിയമസഭയുടെ ആകെ അംഗബലമായ 287 ൽ വിശ്വാസ വോട്ടെടുപ്പ് നടന്നാൽ ഭൂരിപക്ഷം തെളിയിക്കാൻ 144 പേരുടെ പിന്തുണ ആവശ്യമാണ്. ശിവസേന, എൻസിപി, കോൺഗ്രസ് എന്നിവയുടെ ഭരണസഖ്യത്തിന് 169 സീറ്റുകളാണുണ്ടായിരുന്നത്. എന്നാൽ ഷിൻഡെയുടെ നേതൃത്വത്തിലുള്ള എംഎൽഎമാർ രാജിവച്ചാൽ സർക്കാരിന് താഴെ ഇറങ്ങേണ്ടി വരും. അതിനാലാണ് ഏതുവിധേനയും ഷിൻഡെയ്‌ക്കൊപ്പമുള്ള വിമത എംഎൽഎമാരുടെ മനസു മാറ്റി ഭരണം നിലനിർത്താൻ ശിവസേന പുത്തൻ അടവ് പുറത്തെടുത്തത്. ഉദ്ധവ് താക്കറെ ഗുവാഹത്തിയിലെ ക്യാംപിലുള്ള ചില വിമത എംഎൽഎമാർക്ക് വ്യക്തിപരമായ നിലയിൽ സന്ദേശങ്ങൾ അയയ്ക്കുന്നതായും റിപ്പോർട്ടുണ്ട്.