
പണത്തിന്റെ മൂല്യം ശരിക്കും അറിയാവുന്നവർ ബാങ്ക് ജീവനക്കാരാണ്, എന്നാൽ വിചിത്രമായ ഒരു സംഭവത്തിൽ ഇവിടെ ഒരു ബാങ്ക് മാനേജർ പ്രതിയായിരിക്കുകയാണ്. കാമുകിയെ പ്രീതിപ്പെടുത്താൻ തന്റെ ബാങ്കിൽ നാട്ടുകാർ നിക്ഷേപിച്ച പണമെടുത്ത് നൽകിയതോടെയാണ് ഉദ്യോഗസ്ഥൻ കേസിൽ അകപ്പെട്ടത്. ഒന്നും രണ്ടുമല്ല 5.7 കോടിയാണ് ബാങ്ക് മാനേജർ കാമുകിക്ക് എടുത്തു നൽകിയത്. എന്നാൽ പണം ലഭിച്ചതും കാമുകി മുങ്ങുകയായിരുന്നു.
ഇന്ത്യൻ ബാങ്കിന്റെ ഹനുമന്ത്നഗർ ബ്രാഞ്ച് മാനേജരായി ജോലി ചെയ്തിരുന്ന ഹരിശങ്കർ എന്നയാളാണ് സാമ്പത്തിക തിരിമറി കേസിൽ ബുധനാഴ്ച അറസ്റ്റിലായത്. ഡേറ്റിംഗ് ആപ്പ് വഴി മാത്രം പരിചയമുള്ള ഒരു സ്ത്രീയുടെ അക്കൗണ്ടിലേക്ക് ഇടപാടുകാർ നിക്ഷേപിച്ച 5.7 കോടി രൂപയാണ് ഇയാൾ വകമാറ്റിയത്. ബാങ്കിന്റെ ഇന്റേണൽ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് പുറത്തായത്. ഇന്ത്യൻ ബാങ്കിന്റെ സോണൽ മാനേജർ ഡിഎസ് മൂർത്തിയുടെ പരാതിയിൽ മാനേജറെ കൂടാതെ രണ്ട് സഹപ്രവർത്തകരായ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ കൗസല്യ ജെറായി, ക്ലർക്ക് മുനിരാജു എന്നിവരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
ബാങ്കിൽ ഉപഭോക്താക്കൾ നൽകിയ രേഖകൾ ഉപയോഗിച്ചാണ് ഹരിശങ്കർ ഒന്നിലധികം അക്കൗണ്ടുകളിലേക്ക് 5.7 കോടി രൂപ നിക്ഷേപിച്ചത്. കർണാടകയിലും പശ്ചിമ ബംഗാളിലുമുള്ള അക്കൗണ്ടുകളിലേക്കാണ് പണം പോയത്. ഇതിൽ 136 ഇടപാടുകൾ കർണാടകയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്കും, ബാക്കിയുള്ളവ പശ്ചിമ ബംഗാളിലെ വിവിധ ബാങ്കുകളിലെ 28 അക്കൗണ്ടുകളിലേക്കും ആയിരുന്നു. ബാങ്കിലെ പണം നൽകിയതിന് പുറമേ സ്വന്തം അക്കൗണ്ടിൽ നിന്നും 12.5 ലക്ഷം രൂപയും കാമുകിക്ക് ഇയാൾ കൈമാറി. ഇത്രയും ഇടപാട് നടന്നതിൽ ഏഴ് ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്ത ഒരു അക്കൗണ്ട് മാത്രമാണ് ഇതുവരെ ബാങ്കിന് മരവിപ്പിക്കാനായത്.
അറസ്റ്റിലായ ബാങ്ക് മാനേജർ തനിക്ക് സംഭവിച്ച വീഴ്ചകൾ പൊലീസിനോട് തുറന്ന് സമ്മതിച്ചു. കാമുകി എന്ന വ്യാജേന സൈബർ കുറ്റവാളികൾ തന്നെ കബളിപ്പിച്ചതായി കുറ്റം സമ്മതിച്ച ഇയാൾ ഡേറ്റിംഗ് ആപ്പ് വഴിയാണ് താൻ കാമുകിയെ കണ്ടതെന്ന് പറഞ്ഞു. ഒരിക്കലും നേരിൽ കാണാത്ത കാമുകിയുമായി ഫോണിലൂടെ മാത്രമാണ് സംസാരിച്ചിരുന്നത്. എന്നാൽ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.