assault

തൃശൂർ: ട്രെയിൻ യാത്രയ്‌ക്കിടെ പതിനാറുകാരിയ്‌ക്ക് നേരെ ആറംഗ സംഘത്തിന്റെ ലൈംഗികാതിക്രമ ശ്രമം. എറണാകുളം-ഗുരുവായൂർ സ്‌പെഷ്യൽ എക്‌സ്‌പ്രസിൽ അച്ഛനോടൊപ്പം യാത്രചെയ്യുകയായിരുന്ന തൃശൂർ സ്വദേശിനിയ്‌ക്കാണ് അധിക്ഷേപം നേരിടേണ്ടി വന്നത്. കാലിൽ പിടിക്കാൻ ശ്രമിക്കുകയും അശ്ലീല ചുവയിൽ സംസാരിക്കുകയും ചെയ്‌തുവെന്നാണ് പെൺകുട്ടിയും അച്ഛനും വെളിപ്പെടുത്തിയത്. പ്രതികളെല്ലാം അൻപത് വയസിന് മുകളിൽ പ്രായമുള‌ളവരാണ്.

കഴിഞ്ഞ ദിവസം രാത്രി 7.50ന് എറണാകുളത്ത് നിന്നും പുറപ്പെട്ട വണ്ടിയിലാണ് സംഭവമുണ്ടായത്. എറണാകുളം നോർത്ത് സ്‌റ്റേഷൻ കഴിഞ്ഞപ്പോൾ മുതൽ പ്രതികൾ ശല്യം ആരംഭിച്ചു. ഇടപ്പള‌ളി എത്തിയപ്പോൾ ട്രെയിനിലെ ഗാർഡിനെ കുട്ടിയുടെ പിതാവ് വിവരമറിയിച്ചു. അടുത്ത സ്‌റ്റേഷനിൽ നിന്നും പൊലീസ് എത്തുമെന്നായിരുന്നു മറുപടി. എന്നാൽ ആലുവ എത്തിയിട്ടും പൊലീസ് എത്തിയില്ല. പിന്നീട് തൃശൂരിൽ വച്ച് റെയിൽവെ പൊലീസിൽ പരാതിപ്പെട്ടു. സംഭവത്തിൽ പങ്കുള‌ളവർ ആലുവ മുതൽ ഇരിങ്ങാലക്കുട വരെയുള‌ള സ്‌റ്റേഷനുകളിൽ ഇറങ്ങി. ഇവരെ സിസിടിവി സഹായത്തോടെ കണ്ടെത്താൻ ശ്രമം തുടങ്ങി.

കുട്ടിയുടെ എതിർവശത്തിരുന്ന ഇവർ ശല്യം ചെയ്യുന്നത് കണ്ട് മലപ്പുറം സ്വദേശിയായ ഫാസിൽ എന്ന യുവാവ് പ്രതികളെ തടയാനെത്തി. എന്നാൽ ഫാസിലിനെ പ്രതികൾ മർദ്ദിച്ചു. പെൺകുട്ടി മോശമായുള‌ള പെരുമാറ്റം വീഡിയോയിൽ ചിത്രീകരിക്കുന്നതിനിടെ ഫോണും അക്രമികൾ തട്ടിയെടുത്തു. സംഭവത്തിൽ പങ്കുള‌ള ആറുപേർക്കെതിരെയും പോക്‌സോ വകുപ്പനുസരിച്ചാണ് റെയിൽവെ പൊലീസ് കേസെടുത്തിരിക്കുന്നത്.