
കൊച്ചി: വിജയ് ബാബുവിനെതിരായ പരാതി കോടതിയുടെ പരിഗണനയിലാണെന്നും വിഷയത്തിൽ എടുത്ത് ചാടാനാകില്ലെന്നും 'അമ്മ' ഭാരവാഹികൾ. കൊച്ചിയിൽ വച്ചുനടന്ന വാർഷിക ജനറൽ ബോഡി യോഗത്തിന് പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിലാണ് പ്രതികരണം.
'വിജയ് ബാബുവിനെതിരായ പരാതി കോടതിയുടെ പരിഗണനയിലാണ്. കോടതി തീരുമാനത്തിന് മുൻപ് എടുത്ത് ചാടാനാകില്ല. ഐസിസി നൽകിയ ശുപാർശയാണ് വിജയ് ബാബുവിനെതിരെ നടപ്പാക്കിയത്. വിജയ് ബാബു പല ക്ലബിലും അംഗമാണ്. അവിടെ നിന്നൊന്നും പുറത്താക്കിയിട്ടില്ല. പിന്നെന്തിന് അമ്മയിൽ നിന്ന് പുറത്താക്കണം. കോടതി വിധിക്കനുസരിച്ച് അമ്മ പ്രവർത്തിക്കും.
അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സെൽ ഇനിയുണ്ടാവില്ല. പകരം സിനിമയ്ക്ക് മൊത്തമായി സെൽ വരും. കേരള ഫിലിം ചേംബറിന്റെ കീഴിലാകും ഈ പരാതി പരിഹാര സെൽ പ്രവ൪ത്തിക്കുക. '- ഇടവേള ബാബു പറഞ്ഞു. ഷമ്മി തിലകനിൽ നിന്ന് വിശദീകരണം തേടിയശേഷം നടപടിയെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.