
ന്യൂയോർക്ക്: ഹോളിവുഡ് നിർമാണ കമ്പനിയായ ഡിസ്നി പ്രൊഡക്ഷൻസിന്റെ വിഖ്യാതമായ ചലച്ചിത്ര പരമ്പരകളിൽ ഒന്നാണ് പൈറേറ്റ്സ് ഒഫ് കരിബീയൻ സീരീസ്. ഇതിലെ ഒരു പ്രധാന കഥാപാത്രമാണ് ജോണി ഡെപ്പ് അവതരിപ്പിക്കുന്ന ജാക്ക് സ്പാരോ എന്ന കടൽക്കൊള്ളക്കാരൻ. മുൻ ഭാര്യ ആംബർ ഹേർഡിന്റെ പീഡനപരാതിയെ തുടർന്ന് ഡെപ്പുമായുള്ള കരാർ ഡിസ്നി റദ്ദാക്കിയിരുന്നു. എന്നാൽ ആംബർ ഹേർഡ് അന്ന് ഉന്നയിച്ച വാദങ്ങളെല്ലാം തെറ്റെന്ന് തെളിഞ്ഞതിനെ തുടർന്ന് ഡെപ്പിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് പിന്നാലെ പഴയ കരാർ പുതുക്കാനുള്ള ശ്രമങ്ങളുമായി എത്തിയിരിക്കുകയാണ് ഡിസ്നി.
ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് 301 മില്ല്യൺ അമേരിക്കൻ ഡോളറാണ് ജോണി ഡെപ്പുമായി വീണ്ടുമൊരു കരാറിലേർപ്പെടുന്നതിന് വേണ്ടി ഡിസ്നി മുമ്പോട്ട് വയ്ക്കുന്ന തുക. ഇതിനൊപ്പം മുമ്പ് തങ്ങളുടെ ഭാഗത്ത് നിന്ന് വന്ന നടപടികൾ ക്ഷമിക്കണമെന്ന ഒരു മാപ്പപേക്ഷയും നിർമാണ കമ്പനി നൽകിയിട്ടുണ്ട്. ഔദ്യോഗികമായി ഈ കാര്യങ്ങൾ ഡിസ്നിയോ ജോണി ഡെപ്പോ സ്ഥിരീകരിച്ചിട്ടില്ലെങ്കിൽ കൂടി ഡെപ്പിന് ഇത്തരത്തിൽ ഒരു ഓഫർ ഡിസ്നിയിൽ നിന്നും ലഭിച്ചതായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളിലൊരാൾ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
ആംബർ ഹേർഡുമായുള്ള കേസ് നടക്കുന്ന അവസരത്തിൽ നടിയുടെ അഭിഭാഷക കോടതിയിൽ നടത്തിയ ഒരു പരാമർശമാണ് ഡെപ്പിന് ഇത്ര വലിയൊരു തുക നൽകാൻ ഡിസ്നിയെ പ്രേരിപ്പച്ചതെന്നാണ് സംസാരം. വിചാരണവേളയിൽ 300 മില്ല്യൺ അമേരിക്കൻ ഡോളർ നൽകിയാലും ഇനിയൊരിക്കലും ജാക്ക് സ്പാരോ എന്ന കഥാപാത്രം ചെയ്യില്ലെന്ന് ജോണി ഡേപ്പ് പറഞ്ഞതായി ഹേർഡിന്റെ അഭിഭാഷക പറഞ്ഞിരുന്നു. അതിനാലാണ് ഒരു മില്ല്യൺ ഡോളർ കൂടി ചേർത്ത് 301 മില്ല്യൺ ഡോളറിന്റെ ഓഫർ ഡിസ്നി ഡെപ്പിന് നൽകിയിരിക്കുന്നത്.