kk

കൽപറ്റ : വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എം.പി ഓഫീസ് ആക്രമിക്കപ്പെട്ടതിന്റെ പേരിൽ കോൺഗ്രസ് നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കല്പറ്റയിൽ സി.പി.എമ്മിന്റെ ബഹുജന റാലി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് പേർ റാലിയിൽ പങ്കെടുത്തു. യു.ഡി.എഫ് പ്രതിഷേധത്തിനിടെ തകർക്കപ്പെട്ട കൊടിമരങ്ങൾ സി.പി.എം പുനഃസ്ഥാപിച്ചു.

സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വയനാട് നടന്ന ആക്രമണത്തെ പാർട്ടി തള്ളിപ്പറഞ്ഞതാണ്. അതിന്റെ പേരിൽ എസ്.എഫ്.ഐയെ തകർക്കാൻ ശ്രമിച്ചാൽ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന് ഗഗാറിൻ പറഞ്ഞു. ഞങ്ങൾ അനുവദിച്ചിട്ടാണ് എസ്.എഫ്.ഐയുടെ പെൺകുട്ടികൾ ജയിലിൽ പോയത്. സമരം ചെയ്യാനുള്ള ചങ്കൂറ്റം എസ്.എഫ്.ഐ പെൺകുട്ടികൾക്കുണ്ട്. മഹാത്മാ ഗാന്ധിയുടെ ചിത്രം എസ്.എഫ്.ഐ വലിച്ചെറിയില്ല. ചിത്രം വലിച്ചെറിഞ്ഞത് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും യൂത്ത് കോൺഗ്രസ് നേതാവുമായ ആളാണ്. കേരളത്തിലെ ഏറ്റവും വലിയ പിശാച് കെ.പി.സി.സി പ്രസിഡന്റാണ്. കീറിയ കൊടി മാറ്റാനും കീറിയവനെ കീറാനും അറിയാഞ്ഞിട്ടല്ലെന്നും ഗഗാറിൻ പറ‌ഞ്ഞു.

എം.പിയെന്ന നിലയിൽ ബഫർ സോൺ വിഷയത്തിൽ രാഹുൽ ഇടപെടണം. ഇതാണ് എസ്.എഫ്.ഐ പറഞ്ഞത്. ഇപ്പോൾ വാ‌ർത്ത വന്നു,​ എം.പി ഇടപെട്ടു,​ എസ്.എഫ്.ഐ സമരം ചെയ്ത ദിവസം രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. എസ്.എഫ്.ഐ കുട്ടികൾ വിജയിച്ചുവെന്നും ഗഗാറിൻ പറഞ്ഞു.