k-sudhakaran

തിരുവനന്തപുരം: വൈദ്യുതി നിരക്കും ബസ്സ് ചാര്‍ജ്ജും വെള്ളക്കരവും വര്‍ദ്ധിപ്പിച്ച് പൊതുജനത്തെ പിഴിയുകയും കെ റെയിലിന്റെ പേരില്‍ ജനങ്ങളുടെ നെഞ്ചത്ത് മഞ്ഞകുറ്റിയും സ്ഥാപിക്കുകയും ചെയ്ത ശേഷം പ്രവര്‍ത്തന ഫണ്ട് പിരിവുമായി ഇറങ്ങുന്ന സി.പി.എമ്മിന്റെ തൊലിക്കട്ടി അപാരം തന്നെയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു.

രക്തസാക്ഷി ഫണ്ട് മുക്കിയെന്ന ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ നടപടിയെടുത്ത് മാതൃക കാട്ടിയ സി.പി.എം നാണംകെട്ട പണപ്പിരിവ് അവസാനിപ്പിക്കണം.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ആഢംബരവും ധൂര്‍ത്തും കുറയ്ക്കാത്ത മുഖ്യമന്ത്രിക്കും ഗാന്ധി നിന്ദ പതിവാക്കിയ സി.പി.എമ്മിനും വിലവര്‍ധനവിനെതിരെയും വര്‍ഗീയതക്കെതിരെയും സമരം ചെയ്യാന്‍ എന്തുയോഗ്യതയാണുള്ളതെന്നും സുധാകരന്‍ ചോദിച്ചു.


കല്‍പ്പറ്റയിലെ ജനകീയ പ്രതിഷേധത്തിന്റെ പേരില്‍ എ.കെ.ജി സെന്ററിന്റെ ആജ്ഞയനുസരിച്ചാണ് പൊലീസ് ഇപ്പോള്‍ കേസെടുക്കുന്നത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുക്കാന്‍ ശുഷ്‌കാന്തി കാണിക്കുന്ന പൊലീസ് എന്തുകൊണ്ട് കെ.പി.സി.സി ആസ്ഥാനവും സംസ്ഥാനത്തെ വിവിധ കോണ്‍ഗ്രസ് ഓഫീസുകളും തല്ലിത്തകര്‍ത്ത സിപിഎമ്മിന്റെ ഗുണ്ടകള്‍ക്കെതിരെ കേസെടുക്കുന്നില്ലെന്നും സുധാകരന്‍ ചോദിച്ചു.