tea

എഴുന്നേറ്റാലുടൻ ഒരുഗ്ലാസ് ചൂടുചായ കുടിക്കാത്ത മലയാളികൾ നന്നേ കുറവായിരിക്കും.ചായക്ക് പകരം കാപ്പിയോ കട്ടനോ ആകുമെന്ന വ്യത്യാസം ചിലർക്കുണ്ട്. പത്ത് മണിയാകും പ്രഭാതഭക്ഷണം എന്നതിനാൽ അതുവരെ വിശക്കാതിരിക്കാൻ, ഉന്മേഷം ഉണ്ടാകാൻ, പ്രഭാതകൃത്യങ്ങൾ വേഗം നടത്തുവാൻ, മരുന്ന് കഴിക്കുവാൻ ,ആകപ്പാടെ ഒന്നു ഉഷാറാകുവാൻ.. തുടങ്ങി നിരവധി കാരണങ്ങളാണ് ചായകുടിയെ ന്യായീകരിക്കുവാനായി പലരും നിരത്തുന്നത്.

എന്നാൽ ഇവർ തന്നെയാണ് വയറെരിച്ചിൽ, നെഞ്ചരിച്ചിൽ ,ഗ്യാസ്, വിശപ്പില്ലായ്മ, മലശോധനക്കുറവ്, പുളിച്ചുതികട്ടൽ, വയറുവേദന ,അസിഡിറ്റി, അൾസർ എന്നൊക്കെ പറഞ്ഞ് ഡോക്ടർമാരെ സമീപിക്കുന്നതും. ദീർഘകാലം മരുന്ന് കഴിച്ചാലും മരുന്നൊന്ന് മുടങ്ങിയാൽ ഇവയെല്ലാം കൂടുതൽ ശക്തിയോടെ തിരിച്ചു വരുന്നതും കാണാം.

ചിലർക്ക് രാവിലെതന്നെ ചായയോടൊപ്പം ഒരു കടി കൂടി വേണം. ബിസ്‌കറ്റ്, ബ്രഡ് ,കേക്ക്, അരിപത്തൽ, കലത്തപ്പം, എണ്ണപ്പലഹാരങ്ങൾ. അങ്ങനെ നീളും ആ ലിസ്റ്റ്. എന്നാൽ നല്ലൊരു ദിനചര്യ ഉള്ളവർക്ക് ഇതൊന്നും പാടില്ലെന്നാണ് ആയുർവേദത്തിൽ പറയുന്നത്. പ്രഭാതകൃത്യങ്ങൾ നിർവ്വഹിച്ച് എത്രയും നേരത്തെ പല്ലുതേച്ച് വെറുംവയറ്റിൽ തന്നെ കുളിച്ചാൽ ആരോഗ്യസംരക്ഷണത്തിന്റെ പകുതിയായി എന്ന് ആരോഗ് വിദഗ്ദ്ധർ വെളിപ്പെടുത്തുന്നു.

ദഹനപ്രശ്നങ്ങൾ പിന്നീട് നിരവധി രോഗങ്ങൾക്ക് കാരണമാകാം. വെറുംവയറ്റിൽ ചായ കുടിക്കുന്ന ശീലം ഒഴിവാക്കിയാൽത്തന്നെ നിരവധി രോഗങ്ങളിൽ നിന്ന് മുക്തി നേടാം.ആജീവനാന്തം ഇതിനായി മരുന്ന് കഴിക്കേണ്ട സാഹചര്യവും ഒഴിവാക്കാം. ശുദ്ധ ജലമോ ചൂടാറിയ വെള്ളമോ കുടിക്കുന്നത് ദോഷമല്ല.ചായ കുടിച്ചേ പറ്റൂ എന്നുള്ളവർ ചൂടാറ്റിയ ചായ കുളികഴിഞ്ഞ് പ്രഭാതഭക്ഷണത്തിന്റെ കൂടെമാത്രം ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.