
കോഴിക്കോട് : ബാലുശേരിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ ആൾക്കൂട്ട ആക്രമണത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ഡി.വൈ.എഫ്.ഐ തൃക്കുറ്റിശേരി നോർത്ത് യൂണിറ്റ് സെക്രട്ടറി ജിഷ്ണു രാജിനെ മർദ്ദിച്ച ശേഷം തോട്ടിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തോട്ടിൽ മുക്കിയതിന് ശേഷം വീണ്ടും മർദ്ദനത്തിന് ഇരയാക്കുകയായിരുന്നു.
ഒളിവിൽ പോയ എസ്‍.ഡി.പി.ഐ നേതാവ് സഫീർ ആണ്ജി ഷ്ണുവിന്റെ തല വെള്ളത്തിൽ മുക്കുന്നത്. തല വെള്ളത്തിൽ മുക്കിയ ശേഷം ജിഷ്ണുവിനെ കൊണ്ട് ചിലരുടെ പേര് പറയിക്കാനാണ് ശ്രമം. പൊലീസാണ് വീഡിയോ പുറത്തുവിട്ടത്
കഴിഞ്ഞ ബുധനാഴ്ചയാണ് പ്രചാരണ ബോർഡുകൾ കീറിയെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണു രാജിനെ ആൾക്കൂട്ട വിചാരണ നടത്തി ക്രൂരമായി മർദിച്ചത്. ഒരു ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഉൾപ്പെടെ അഞ്ചുപേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. മുഹമ്മദ് സാലി രായ്യത്ത് കുനിയിൽ, റിയാസ് കുനിയിൽ, മുഹമ്മദ് ഇജാസ് പേരൂളിപ്പൊയിൽ, ഷാലിദ് താഴെ കോട്ടയാത്ത്, നജാഫ് ഫാരിസ് ചോത്താരി, കുരുടമ്പത്ത് സുബൈർ എന്നിവരാണ് അറസ്റ്റിലായത്. കണ്ടാലറിയാവുന്നവർ ഉൾപ്പെടെ 29 പേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. സംഭവത്തിൽ ആറു പേര്‍ റിമാന്‍ഡിലാണ്.