kk

തൃശ്ശൂര്‍: സാഹിത്യകാരനും മാധ്യമപ്രവർത്തകനും ആയ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു. 86 വയസായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: തൃശിലശേരി വാരിയത്ത് സരസ്വതി. മക്കൾ: ഉഷ, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ഗീത, പരേതനായ ദേശീയ ബാസ്കറ്റ് ബോൾ താരം സുരേഷ് ചെറുശേരി.കവിത, ചെറുകഥ, നോവല്‍, വിവര്‍ത്തനം, നര്‍മ്മലേഖനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ പതിനെട്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ എന്ന പദവിയില്‍ സേവനമനുഷ്ഠിച്ചു. .പത്രപ്രവർത്തകൻ, തായമ്പക വിദ്ഗധൻ തുടങ്ങി ഒട്ടേറെ മേഖലകളിൽ പ്രസിദ്ധനാണ്‌. തൃശൂരിലെ ചൊവ്വല്ലൂർ വാരിയത്ത് 1936 ജൂലായ് 11നായിരുന്നു ജനനം. ഗുരുവായൂർ ക്ഷേത്രത്തിലും ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലും പാരമ്പര്യമായി കഴകപ്രവൃത്തിയുടെ അവകാശമുള്ള കുടുംബമാണിത്. വിവിധ വിദ്യാലയങ്ങളിൽ പ്രഥമാധ്യാപകനായിരുന്ന കൊടുങ്ങല്ലൂർ കാവിൽ വാരിയത്ത് ശങ്കുണ്ണിവാരിയരാണു പിതാവ്. അമ്മ പാറുക്കുട്ടി വാരസ്യാർ. ചലച്ചിത്രങ്ങൾക്കും നിരവധി ആൽബങ്ങൾക്കും രചന നിർവ്വഹിച്ചിട്ടുണ്ട്. ഭക്തിഗാനരചയിതാവ് എന്ന നിലയിൽ കൂടുതൽ ശ്രദ്ധേയനായി

മധു നിർമിച്ച് പി.ചന്ദ്രകുമാർ സംവിധാനം ചെയ്ത ‘പ്രഭാതസന്ധ്യ’യുടെ തിരക്കഥ എഴുതിയത് ചൊവ്വല്ലൂരാണ്. ഹരിഹരന്റെ സൂപ്പർ ഹിറ്റ് ചിത്രമായ സർഗത്തിനു സംഭാഷണമെഴുതിയതും ചൊവ്വല്ലൂരാണ്. ‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യ രൂപം’ എന്ന ഗാനം ചൊവ്വല്ലൂർ എഴുതിയതാണ്. ‘ഉദിച്ചുയർന്നു മാമല മേലെ ഉത്രം നക്ഷത്രം’ എന്ന ശബരീശ സ്തുതിയും ഇദ്ദേഹത്തിന്റേതാണ്

ഹാസ്യ സാഹിത്യകാരനു‌ള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം, മികച്ച നാടകഗാന രചയിതാവിനുള്ള സംസ്ഥാന സർക്കാർ അവാർഡ്, ഗുരുവായൂർ തിരുവെങ്കിടാചലപതി പുരസ്കാരം, കേരള കലാമണ്ഡലം മുകുന്ദരാജാ സ്മൃതി പുരസ്കാരം, പൂന്താനം ജ്ഞാനപ്പാന പുരസ്കാരം, രേവതി പട്ടത്താനം പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കഥ, കവിത, ഗാനരചന, നാടകം, തിരക്കഥ, അഭിനയം, കഥകളി, തായമ്പക എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച അദ്ദേഹം ആകാശവാണി സ്റ്റാഫ് ആർട്ടിസ്റ്റ്, കേരള കലാമണ്ഡലം വൈസ്‌ ചെയർമാൻ, സംഗീതനാടക അക്കാദമി അംഗം, സാഹിത്യ അക്കാദമി അംഗം തുടങ്ങിയ പദവികൾ വഹിച്ചു.

പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ പത്രാധിപത്യത്തിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി തൃശൂരിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘നവജീവൻ’ പത്രത്തിൽ സബ് എഡിറ്ററായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മലയാള മനോരമ 1966–ൽ കോഴിക്കോട് യൂണിറ്റ് ആരംഭിച്ചപ്പോൾ പത്രാധിപസമിതി അംഗമായി. 2004–ൽ വിരമിച്ചു. വിവിധ വിഭാഗങ്ങളിലായി ഇരുപതിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

ഇരിങ്ങപ്പുറം മാക്കുണ്ണി മെമ്മോറിയൽ സ്കൂൾ, മറ്റം സെന്റ് ഫ്രാൻസിസ് ഹൈസ്കൂൾ, തൃശൂർ കേരളവർമ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സായാഹ്ന പത്രമായിരുന്ന ‘സ്വതന്ത്രമണ്ഡപ’ത്തിന്റെ പത്രാധിപർ, ഗുരുവായൂർ ദേവസ്വത്തിന്റെ ‘ഭക്തപ്രിയ’ മാസിക പത്രാധിപസമിതി അംഗം എന്നി നിലകളിലും പ്രവർത്തിച്ചു.