
തിരുവനന്തപുരം/ തൃശൂർ : കവിയും ഗാനരചയിതാവും മാദ്ധ്യമപ്രവർത്തകനുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അന്തരിച്ചു. 86 വയസായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ... എന്ന് തുടങ്ങുന്ന ഗാനം ഉൾപ്പെടെ ഈടുറ്റ ഭക്തിഗാനങ്ങളിലൂടെ ജനഹൃദയങ്ങളിൽ പ്രതിഷ്ഠ നേടിയ ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി കവിത, ചെറുകഥ, നോവൽ, വിവർത്തനം, നർമ്മലേഖനങ്ങൾ എന്നീ മേഖലകളിലും വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ആയിരുന്നു. ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെയും ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലെയും കഴകകുടുംബമായ ചൊവ്വല്ലൂർ വാര്യത്തെ അംഗമാണ്.
1936 സെപ്തംബർ 10ന് ഗുരുവായൂരിനടുത്തുള്ള ചൊവ്വല്ലൂരിൽ കൊടങ്ങല്ലൂർ വാരിയത്ത് ശങ്കുണ്ണിവാരിയരുടെയും ചൊവ്വല്ലൂർ പാറുക്കുട്ടിവാരസ്യാരുടെയും മകനായാണ് ജനനം. സരസ്വതി വാരസ്യാരാണ് ചൊവ്വല്ലൂരിന്റെ ഭാര്യ. മക്കൾ: ഉഷ, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ഗീത, പരേതനായ സുരേഷ് ചെറുശ്ശേരി.
യൂസഫലി കേച്ചേരി സംവിധാനം ചെയ്ത മരം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് സിനിമാ രംഗത്തേക്ക് എത്തിയത്. തുലാവർഷം (1975), എന്ന സിനിമയിലെ 'സ്വപ്നാടനം ഞാൻ തുടരുന്നു' എന്ന ഗാനത്തിലൂടെ ഗാനരചയിതാവായി. സർഗം എന്ന ചിത്രത്തിന്റെ സംഭാഷണ രചയിതാവ് എന്ന നിലയിലും ശ്രദ്ധേയനാണ്. സലിൽ ചൗധരി, കെ രാഘവൻ, എന്നിവരുടെ കീഴിൽ സിനിമയിലും അല്ലാതെയും ഒരുപാട് ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
തായമ്പകയിലും വിദഗ്ദ്ധനായിരുന്നു.രണ്ട് തവണ കേരള കലാമണ്ഡലത്തിന്റെ വൈസ് ചെയർമാനായിരുന്നു.