
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുക്കും. ഹൈക്കോടതി നിർദേശപ്രകാരമായിരിക്കും നടപടികൾ. അന്വേഷണ ഉദ്യോഗസ്ഥർ തെളിവെടുപ്പിനും വിജയ് ബാബുവിനെ കൊണ്ടുപോയേക്കും.
ഇന്നുമുതൽ ജൂലായ് മൂന്ന് വരെ രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെ വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഈ മാസം 22നാണ് ഹൈക്കോടതി വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, സംസ്ഥാനം വിട്ടുപോകരുത്, സോഷ്യൽ മീഡിയയിലൂടെ നടിയെയും കുടുംബത്തെയും അപമാനിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയായിരുന്നു മുൻകൂർ ജാമ്യം നൽകിയത്.
പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത് പരസ്‌പര സമ്മതത്തോടെയാണെന്നും, പുതിയ സിനിമയിൽ അവസരം നൽകാത്തതിനാൽ ബ്ലാക്ക്‌മെയിലിന്റെ ഭാഗമായാണ് പരാതിയെന്നും വിജയ് ബാബു കോടതിയെ അറിയിച്ചിരുന്നു. സിനിമയിൽ അവസരങ്ങൾ വാഗ്ദ്ധാനം ചെയ്ത് നിരവധി തവണ വിജയ് ബാബു ബലാത്സംഗം ചെയ്തെന്നാരോപിച്ച് ഏപ്രിൽ 22നാണ് നടി പൊലീസിൽ പരാതി നൽകിയത്.