dog

ഇടുക്കി: ഒറ്റയ്ക്ക് താമസിച്ചിരുന്ന റിട്ട. എ എസ് ഐയുടെ മൃതദേഹത്തിന് ഒരുദിവസം മുഴുവൻ കാവലായി വളർത്തുനായ. അടിമാലി എസ് എൻ പടിയിൽ കൊന്നയ്ക്കൽ കെ കെ സോമനെ(67)യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോണിൽ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് സോമന്റെ മരുമകൻ ഉമേഷ് വന്ന് നോക്കിയപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. ഈ സമയം വരെ വളർത്തുനായ ഉണ്ണി മൃതദേഹത്തിന് കാവൽ നിൽക്കുകയായിരുന്നു.

ഉമേഷ് വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പൊലീസും വീട്ടിലെത്തി. എന്നാൽ മൃതദേഹത്തിന് സമീപം നിന്ന നായ ആരെയും വീട്ടിലേയ്ക്ക് കടക്കാൻ അനുവദിച്ചില്ല. ഒടുവിൽ നാട്ടുകാരും പൊലീസും വീടിന്റെ പരിസരത്ത് നിന്നും മാറിയശേഷം ഉമേഷ് ഒറ്റയ്ക്ക് വീട്ടിലേയ്ക്ക് എത്തിയപ്പോഴാണ് നായ ശാന്തനായത്. പിന്നീട് ഉമേഷ് വളർത്തുനായയെ അവിടെനിന്ന് മാറ്റിയതിന് ശേഷം മൃതദേഹം ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. പത്ത് വർഷമായി സോമനൊപ്പം ഈ വളർത്തുനായയുണ്ട്. ഗീതയാണ് സോമന്റെ ഭാര്യ, മകൾ-മോനിഷ.