bread-biscuits

ദൈനംദിന ജീവിതത്തിലെ തിരക്കുകൾ കാരണം പണ്ട് പലരും പ്രഭാതഭക്ഷണം ഒഴിവാക്കിയിരുന്നു. എന്നാൽ പ്രഭാതഭക്ഷണത്തിന്റെ പ്രധാന്യവും, ഉപേക്ഷിച്ചാൽ ഉണ്ടാകാൻ പോകുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് ഇപ്പൊ മിക്കവരും ഇത് ഒഴിവാക്കാറില്ല. പകരം പാകം ചെയ്ത് സമയം നഷ്ടപ്പെടുത്താതെ എളുപ്പത്തിൽ കഴിക്കാൻ കഴിയുന്ന ബ്രഡും ബിസ്കറ്റുമൊക്കെ പ്രഭാതഭക്ഷണമാക്കി മാറ്റി. എന്നാൽ ഇവ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് പുതിയ പഠനം തെളിയിച്ചിരിക്കുന്നത്.

മദ്യപാനത്തെ തുടർന്നല്ലാതെ ലിവർ സിറോസിസ് അഥവാ കരൾവീക്കം ഉണ്ടാകുന്നതിന് പ്രധാന കാരണം ഈ ഭക്ഷണരീതിയാണ്.ഗുരുതരമായ രീതിയിൽ ഈ രോഗം കരളിനെ ബാധിച്ചുകഴിഞ്ഞാൽ ചികിത്സയിലൂടെ ഭേദപ്പെടുത്താൻ പോലും കഴിയില്ല. അതിനാൽ രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ തന്നെ കണ്ടെത്തി ചികിത്സ തേടേണ്ടത് ആവശ്യമാണ്. ഗുരുതരമായ കരൾ രോഗങ്ങൾ വരാതിരിക്കാൻ ചില ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ടതാണെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ഇത്തരത്തിൽ കരൾ രോഗങ്ങൾ വരുത്തുന്ന നാല് ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

മദ്യം

മദ്യപാനശീലമുള്ളവരിൽ കരൾ സംബന്ധമായ ചെറിയ പ്രശ്നങ്ങൾ കണ്ടുതുടങ്ങിയാൽ തന്നെ അത് ഉപേക്ഷിക്കേണ്ടതാണ്. അല്ലെങ്കിൽ കരൾ വീക്കം ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

പാക്കേജ്‌ഡ് ഫുഡ്

പാക്കറ്റിൽ ലഭിക്കുന്ന ഭക്ഷണങ്ങളിൽ സോഡിയത്തിന്റെ അളവ് കൂടുതലായിരിക്കും. കൂടാതെ പ്രിസര്‍വേറ്റീവ്സും ചേര്‍ത്തിട്ടുണ്ടായിരിക്കും. ഇത് ഗുരുതരമായ കരൾ രോഗങ്ങൾക്ക് കാരണമാകുന്നു.

സോഡിയം

കരൾ സംബന്ധമായ പ്രശ്നങ്ങളുള്ളവർ ആദ്യം തന്നെ നിയന്ത്രിക്കേണ്ട ഒന്നാണ് സോഡിയം അഥവാ ഉപ്പ്. വീട്ടിൽ തന്നെ തയാറാക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം.

ബേക്ക്‌ഡ് ഫുഡ്

ബേക്ക് ചെയ്തെടുക്കുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് കരളിന് നല്ലതല്ല. അതിനാൽ തന്നെ ബ്രഡും ബിസ്കറ്റും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.