face-yoga-

മുഖസൗന്ദര്യത്തിനായി ഏറെ പ്രാധാന്യം നൽകുന്നവർ അറിഞ്ഞിരിക്കേണ്ടതാണ് ഫേസ് യോഗയുടെ ഗുണങ്ങൾ. യോഗയുടെ പ്രധാന്യം ദിവസങ്ങൾ കഴിയുന്തോറും ലോകരാജ്യങ്ങൾ തിരിച്ചറിയുന്ന കാലത്ത് വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്നതാണ് ഫേസ് യോഗ. മുഖത്തെ പേശികളെ ചലിപ്പിക്കുന്നതിലൂടെയാണ് ഗുണങ്ങൾ ലഭിക്കുക. നമ്മൾ പുഞ്ചിരിക്കുമ്പോഴും സംസാരിക്കമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം മുഖത്തെ പേശികൾ ചലിക്കുന്നുണ്ട്.

ശാരീരികവും മാനസികവുമായ നിരവധി ആരോഗ്യ ഗുണങ്ങളാണ് ഫേസ് യോഗയിലൂടെ ലഭിക്കുക. മുഖത്തെ പിരിമുറുക്കം ലഘൂകരിക്കാനും, നീർക്കെട്ട് കുറയ്ക്കാനുമെല്ലാം ഫേസ് യോഗ കൊണ്ട് കഴിയും. ഇതിനൊപ്പം മുഖ ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം നൽകാനും ഇതിനാവും. ഫേസ് യോഗ വ്യായാമങ്ങളിലൂടെ ചർമ്മത്തിലെ സെൽ ഓക്സിജൻ വർദ്ധിക്കുകയും ചെയ്യുന്നു. തൽഫലമായി ചർമ്മത്തിന് കൂടുതൽ തിളക്കം ലഭിക്കുകയും ചെയ്യും.

പ്രായം കൂടുന്തോറും ചർമ്മത്തിലെ സ്വാഭാവിക കൊളാജന്റെ അളവ് കുറയുന്നു. ഇതോടെ ചർമ്മം തൂങ്ങാൻ തുടങ്ങുകയും ചുളിവുകൾ വീഴുകയും ചെയ്യും. എന്നാൽ ഫേസ് യോഗയിലൂടെ പേശികളെ മാത്രമല്ല, കൊളാജൻ, എലാസ്റ്റിൻ എന്നിവയെ ഉത്തേജിപ്പിക്കുവാനും കഴിയും. ഇത് ചുളിവുകളുടെ ആഴം ഗണ്യമായി കുറയ്ക്കും, മുഖം മിനുസമാർന്നതായി മാറുകയും ചെയ്യും. ഫെയ്സ് യോഗ വ്യായാമങ്ങളിൽ ഏർപ്പെടുന്നത് സ്‌ടെസ് കുറയ്ക്കാനും സഹായിക്കും. ഈ വ്യായാമങ്ങൾ ശരീരത്തിനും മനസിനും ഒരപോലെ പ്രയോജനകരമാണ്.

വീട്ടിൽ ചെയ്യാവുന്ന ഫേസ് യോഗകൾ

ഒരു ചുംബനത്തെ അനുകരിക്കുന്നത് പോലെ ചുണ്ടുകൾ കഴിയുന്നത്ര പുറത്തേക്ക് തള്ളിയതിന് ശേഷം പുഞ്ചിരിക്കുക. എല്ലാ ദിവസവും കുറഞ്ഞത് 15 പ്രാവശ്യം ഇപ്രകാരം ആവർത്തിക്കുക. ഈ വ്യായാമം ഒരേസമയം താടിയെയും കവിൾത്തടങ്ങളെയും ടോൺ ചെയ്യുന്നു.

വായിലൂടെ ആഴത്തിൽ ശ്വാസം എടുക്കുക, തുടർന്ന് ശ്വാസം വിടുക. കവിളിനെ വികസിപ്പിക്കുകയും സങ്കോചിപ്പിക്കുകയും ചെയ്യുക

ധ്യാനവും മികച്ച ഫേസ് യോഗയാണ്. മനസ് ശാന്തമാവുകയും, പേശികൾ അയവുള്ളതായി മാറുകയും ചെയ്യും. മുഖം ശാന്തമാക്കി പുഞ്ചിരിക്കുകയും, മന്ത്രങ്ങൾ പലയാവർത്തി ഉച്ചരിക്കുകയും ചെയ്യുക.