
ചണ്ഡീഗഡ്: പഞ്ചാബിൽ അടുത്തമാസം ഒന്നാം തീയതി മുതൽ വൈദ്യുതി സൗജന്യമാക്കുമെന്ന് ആം ആദ്മി സർക്കാർ പ്രഖ്യാപിച്ചു. 2022- 23 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റ് നിയമസഭയിൽ അവതരിപ്പിക്കവേയാണ് ജനത്തിന് ഏറെ പ്രയോജനകരമായ തീരുമാനം ധനമന്ത്രി ഹർപാൽ സിംഗ് ചീമ പ്രഖ്യാപിച്ചത്. ഇതോടെ ആം ആദ്മി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ തന്നെ പാർട്ടി തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദ്ധാനമായ സൗജന്യ വൈദ്യുതി നടപ്പിലാക്കപ്പെട്ടിരിക്കുകയാണ്. ഓരോ മാസവും 300 യൂണിറ്റ് സൗജന്യ വൈദ്യുതിയാണ് നൽകുന്നത്. സൗജന്യ വൈദ്യുതി ഏർപ്പെടുത്താനുള്ള സംവിധാനങ്ങളെല്ലാം പൂർത്തീകരിച്ചതായി ഭഗവന്ത് മാൻ സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു.
ഡൽഹിയിലെ ആം ആദ്മി സർക്കാരിന്റെ ജനപ്രിയ പദ്ധതികളെല്ലാം പിന്തുടരാനാണ് ഭഗവന്ത് മാൻ സർക്കാരിന്റെ തീരുമാനം. ഇപ്രകാരം ജനതാ ബഡ്ജറ്റാണ് ഇന്ന് പഞ്ചാബിൽ അവതരിപ്പിച്ചത്. ഇതിനായി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നും അഭിപ്രായങ്ങൾ സർക്കാർ കേൾക്കുകയും, ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ഇത്തരത്തിൽ പൊതുസമൂഹത്തിൽ നിന്നും 20,384 നിർദ്ദേശങ്ങൾ ലഭിച്ചതായി ധനമന്ത്രി കൂട്ടിച്ചേർത്തു. കടലാസ് രഹിത ബഡ്ജറ്റാണ് ഇന്ന് അവതരിപ്പിച്ചത്.
മുൻസർക്കാരുകളുടെ പ്രവർത്തനത്താൽ സംസ്ഥാനത്ത് വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ആരോഗ്യം വീണ്ടെടുക്കുക, പൊതു ഫണ്ടിന്റെ ഫലപ്രദമായ വിനിയോഗം ഉറപ്പാക്കുക, ആരോഗ്യ-വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങി മൂന്ന് പ്രധാന കാര്യങ്ങൾക്കാണ് ആദ്യ വർഷത്തെ ഭരണത്തിൽ ആം ആദ്മി സർക്കാർ ശ്രദ്ധ നൽകുന്നത്. ഇതിനൊപ്പം അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
അഴിമതി വിരുദ്ധ പ്രസ്ഥാനത്തിൽ നിന്നാണ് ഞങ്ങളുടെ പിറവി തുടങ്ങിയത്, അഴിമതിയിൽ ഏർപ്പെടുന്നവർക്ക് എതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും ധനമന്ത്രി ബഡ്ജറ്റ് അവതരണത്തിനിടെ പറഞ്ഞു.