satheesan-pinarayi

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറവി രോഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾക്കുള്ള മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്.

'വയനാട്ടിൽ ഗാന്ധി ഫോട്ടോ തകർത്തത് കോൺഗ്രസുകാരെന്ന് അന്വേഷണം നടക്കുന്നതിനിടയിൽ മുഖ്യമന്ത്രിക്ക് എവിടുന്ന് വിവരം കിട്ടി എന്ന് വ്യക്തമാക്കണം. ഇനി അന്വേഷണ ഉദ്യോഗസ്ഥർക്ക് നിഷ്‌പക്ഷമായി അന്വേഷിക്കാനാവുമോ? മുൻകാല ചെയ്‌തികൾ മറന്ന് പിണറായി ഇപ്പോൾ നല്ല പിള്ള ചമയുകയാണ്. മാദ്ധ്യമങ്ങളോട് കടക്ക് പുറത്തെന്ന് എന്ന് പറഞ്ഞത് പിണറായിയല്ലേ.

കേന്ദ്ര ഏജൻസികളെക്കുറിച്ച് കോൺഗ്രസിന് കേരളത്തിലും കേന്ദ്രത്തിലും ഒരേ നിലപാടാണ്. സ്വർണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണം ഇടറുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണം. പ്രതിപക്ഷത്തിനെതിരായ ഒരാക്രമണത്തിലും പൊലീസ് നടപടി എടുക്കുന്നില്ല. മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടാൽ പോലും പൊലീസ് അറസ്റ്റ് ചെയ്യും. എന്നാൽ എന്നെ കൊല്ലുമെന്ന് പറഞ്ഞ ആൾക്കെതിരെ പോലും കേസില്ല'-വി.ഡി സതീശൻ പറഞ്ഞു.