ma-baby

കോഴിക്കോട്: ഗുജറാത്ത് കലാപത്തിൽ ഇരകളായവരുടെ നീതിക്കായി പോരാടിയവരെ അറസ്റ്റുചെയ്യുന്ന സാഹചര്യത്തിൽ ഏറെ വൈകാതെ നീതിന്യായ തീവ്രവാദികൾ എന്ന പുതിയ വാക്ക് ഉണ്ടാകുമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം കെ.പി. കേശവമേനോൻ ഹാളിൽ സംഘടിപ്പിച്ച 'ആർ.എസ്.എസിന്റെ കേരള അജണ്ടയും മാദ്ധ്യമങ്ങളും' സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആർ.എസ്.എസിന്റെ നേതൃത്വത്തിൽ 2002ലുണ്ടായ വംശഹത്യയിലെ ഇരകളുടെ നീതിക്കായി ശബ്ദിച്ച ടീസ്ത സെതൽവാദും ആർ.ബി. ശ്രീകുമാറും കോടതി കയറിയിറങ്ങുമ്പോൾ സുപ്രീംകോടതിയിലെ മൂന്ന് ജഡ്ജിമാർ പറയുകയാണ് അവർ ഭീകരവാദികളാണ് അറസ്റ്റ് ചെയ്യൂവെന്ന്. സമൂഹ മനസിനെ നിയന്ത്രണത്തിലാക്കാൻ പറ്റുന്നിടത്തെല്ലാം നീതിന്യായ സംവിധാനത്തെയും ആർ.എസ്.എസ് ദുരുപയോഗപ്പെടുത്തും. തങ്ങളുടെ അഭിപ്രായങ്ങളോട് വിയോജിക്കുന്നവരെ ഉന്മൂലനം ചെയ്യുകയാണ് അവരുടെ നയം. സുപ്രീംകോടതി ഭരണഘടനാ ചുമതലകൾ വഹിക്കാൻ ധൈര്യപ്പെടാത്ത വിധം ആർ.എസ്.എസ് അവരെ പിടികൂടിയിരിക്കുകയാണ്. ആർ.എസ്.എസിനെയും ബി.ജെ.പിയെയും തുറന്നുകാട്ടി അവരുടെ ആക്രമണങ്ങളെ ചെറുക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നതുകൊണ്ടാണ് കേരളത്തിൽ ആർ.എസ്.എസിനും ബി.ജെ.പിക്കും അവരാഗ്രഹിക്കും പോലെ മുന്നേറാൻ കഴിയാത്തത്. അധികാരം ഉപയോഗിച്ചാണ് ആർ.എസ്.എസ് ഇന്ത്യൻ മാദ്ധ്യമ രംഗത്ത് ഇടപ്പെടുന്നതെന്നും ബേബി പറഞ്ഞു. കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി കുഞ്ഞികണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ടി.എം. ഹർഷൻ, സനീഷ് ഇളയിടം, ഡോ. കെ. മഞ്ജു എന്നിവർ പങ്കെടുത്തു.