madhavan-b-nair

ഓരോ ജൂണ്‍ 5നും ലോകരാഷ്ട്രങ്ങളാകെ ലോകപരിസ്ഥിതിദിനം ആചരിക്കുമ്പോഴും ആവര്‍ത്തിക്കപ്പെടുന്നത് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെയും അനിവാര്യതയെയും കുറിച്ചുള്ള മുദ്രാവാക്യങ്ങളാണ്. എന്നാല്‍ 2022 ലെ പരിസ്ഥിതിദിനത്തില്‍ എത്തുമ്പോള്‍ പ്രകൃതി ശോഷണം മൂലം സംഭവിച്ച കാലാവസ്ഥാവ്യതിയാനം തീവ്രമായ ഒരു യാഥാര്‍ത്ഥ്യമായി മനുഷ്യരാശിക്കുമുന്നില്‍ ഭീഷണി ഉയര്‍ത്തുകയാണ്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ, ആഗോളതാപ വര്‍ദ്ധനയുടെ പാര്‍ശ്വഫലങ്ങള്‍ അതിവര്‍ഷമായോ, അകാലവര്‍ഷമായോ മാത്രമല്ല, രൂക്ഷമായ വരള്‍ച്ചയുമായി ഭൂമിയില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ യാഥാര്‍ത്ഥ്യം മനസിലാക്കിയിട്ടാകാം 2022ലെ പരിസ്ഥിതി സന്ദേശം ഭൂമിയുടെ ഉയിരിനെക്കുറിച്ചുള്ള ആശങ്കകള്‍ പ്രകടിപ്പിക്കുന്നതായത്. "പ്രപഞ്ചത്തില്‍ കോടിക്കണക്കിന് നക്ഷത്ര സമൂഹങ്ങളുണ്ട്. അതില്‍ കോടിക്കണക്കിന് ഗ്രഹങ്ങളുണ്ട്. പക്ഷേ, അവിടെ ഓരേയൊരു ഭൂമിയേയുള്ളൂ." എന്നാണ് പരിസ്ഥിതി സന്ദേശം പറയുന്നത്.

ലോകരാഷ്ട്രങ്ങളില്‍ മിക്കതും തത്വദീക്ഷയില്ലാത്ത പ്രകൃതി ചൂഷണം സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന സ്രോതസ് ആക്കി മാറ്റിയ വേളയിലാണ് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ മാനവപരിസ്ഥിതി സമ്മേളനം 1972ല്‍ വിളിച്ചുചേര്‍ക്കുന്നത്. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക് ഹോമില്‍ 1972 ജൂണ്‍ 5 മുതല്‍ 16 വരെ നടന്ന സമ്മേളനത്തില്‍ 114 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്. പരിസ്ഥിതി നയതന്ത്രത്തിന് ആരംഭം കുറിച്ച ഈ ഐതിഹാസിക സമ്മേളനത്തില്‍ ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് പ്രതിനിധിയായി പങ്കെടുത്തത്.

സ്റ്റോക് ഹോം സമ്മേളനത്തിന്റെ അമ്പതാം വര്‍ഷമാണ് 2022. പരിസ്ഥിതി ചിന്തകള്‍ക്കും രാജ്യവികസനത്തിനും പുതിയ മാനങ്ങള്‍ നല്‍കിയ സ്റ്റോക്ക്ഹോം സമ്മേളനത്തിന്റെ സ്മരണാര്‍ത്ഥം വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ ചേര്‍ന്ന് വീണ്ടുമൊരു കൂട്ടായ്മയുണ്ടാക്കിയത് പ്രത്യാശ നല്‍കുന്ന നടപടിയാണ്. എല്ലാവരുടെയും ക്ഷേമത്തിനായി ആരോഗ്യമുള്ള ഒരു ഗ്രഹം- നമ്മുടെ ചുമതല, നമ്മുടെ അവസരം എന്ന സന്ദേശമാണ് പുതിയ കൂട്ടായ്മ മുന്നോട്ടുവച്ചിരിക്കുന്നത്.

കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് എന്ന കൂട്ടായ്മയില്‍ പ്രധാനമായും ചര്‍ച്ചാവിഷയമായത് ആഗോള താപനവും കാലാവസ്ഥാവ്യതിയാനവും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭൂമിയുടെ ദുരവസ്ഥയാണ്. കാരണം അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് 418 പിപിഎം ആയാണ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇത് ആഗോളതാപനവും രോഗനിരക്കും കൂട്ടും. ആര്‍ട്ടിക്കിലെ മഞ്ഞ് 10 വര്‍ഷത്തില്‍ 12.85% ഉരുകികൊണ്ടിരിക്കുകയാണ്. ഇക്കാരണത്താല്‍ കടല്‍ നിരപ്പ് വര്‍ഷത്തില്‍ 3.2 മി.മീ വീതം ഉയരുകയും ജനവാസമേഖലകള്‍ ക്രമേണ വെള്ളത്തിനടിയിലാകുകയും ചെയ്യും.

1.1 കോടി ടണ്‍ പ്ലാസ്റ്റിക് വസ്തുക്കളാണ് ഒരു വര്‍ഷം കടലിലെത്തുന്നത്. കടല്‍ജീവികളുടെ നാശത്തിനും ആഗോളതാപനം വര്‍ദ്ധിക്കുന്നതിനും ഈ പ്ലാസ്റ്റിക് മാലിന്യം കാരണമാകുന്നുണ്ട്. ഒരു വര്‍ഷം ഒരു കോടി ടണ്‍ വിഷവസ്തുക്കളാണ് പ്രകൃതിയിലേക്ക് തള്ളപ്പെടുന്നത്. അതുമൂലം മണ്ണും ജലാശയങ്ങളും വിഷലിപ്തമാവുകയാണ്. മനുഷ്യന്റെ ചിന്തയില്ലാത്ത പ്രവൃത്തികള്‍ തുടര്‍ന്നാല്‍ ഭൂമിയില്‍ വംശനാശം സംഭവിക്കുന്ന അടുത്ത ജീവിവര്‍ഗം മനുഷ്യന്‍ തന്നെ ആകാം എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
2015 ഡിസംബറില്‍ പാരീസില്‍ നടന്ന പരിസ്ഥിതി സംബന്ധിയായ സമ്മേളനത്തില്‍ 196 രാജ്യങ്ങളാണ് പങ്കെടുത്തത്. 2016 നവംബറില്‍ പാരീസ് ഉടമ്പടിയും നിലവില്‍ വന്നു.അന്തരീക്ഷതാപനം 1.5 ഡിഗ്രി സെല്‍ഷ്യസെങ്കിലും താഴ്ത്തികൊണ്ടുവരുവാനുള്ള ബാധ്യതയാണ് പാരീസ് ഉടമ്പടിയില്‍ പ്രധാനമായും അംഗരാജ്യങ്ങള്‍ ഏറ്റെടുത്തത്. അന്തരീക്ഷതാപനത്തിന് വഴിയൊരുക്കുന്ന കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ 70 ശതമാനവും ഊര്‍ജ്ജ- ഗതാഗത മേഖലകളില്‍ നിന്നാണ്. 2030 ല്‍ എങ്കിലും രാഷ്ട്രങ്ങള്‍ കാര്‍ബണ്‍ ന്യൂട്രല്‍ അവസ്ഥയില്‍ എത്തിയില്ലെങ്കില്‍ ഈ ഭൂമി വാസയോഗ്യമല്ലാതാകും എന്ന കാര്യത്തില്‍ സംശയമില്ല.

ലോകം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന കാലാവസ്ഥാവ്യതിയാനവും തുടര്‍ ദുരന്തങ്ങളും ഒരുപരിധിവരെ കുറയ്ക്കാന്‍ കാര്‍ബണ്‍ ന്യൂട്രല്‍ അവസ്ഥയിലെത്തുകയല്ലാതെ വേറെ പോംവഴിയൊന്നും ശാസ്ത്രസമൂഹം നിര്‍ദ്ദേശിക്കുന്നുമില്ല. "അവസാനമരവും വെട്ടിവീഴ്ത്തിക്കഴിയുമ്പോള്‍, ഒടുവിലെ മത്സ്യത്തെയും ഭക്ഷിച്ചു തീരുമ്പോള്‍, അവശേഷിക്കുന്ന അരുവിയിലും വിഷം കലക്കിക്കഴിയുമ്പോള്‍ നിങ്ങൾ തിരിച്ചറിയും, പണം തിന്ന് വിശപ്പു മാറ്റാനാകില്ലെന്ന്"- ക്രീ ഇന്ത്യന്‍ ഗോത്രവര്‍ഗ്ഗത്തിന്റെ ഈ വേദവാക്യം അവര്‍ക്ക് മാത്രമല്ല ബാധകം, അമിത ധനാസക്തര്‍ക്കുകൂടിയുള്ളതാണ്.
(വേൾഡ് ഹിന്ദു പാർലമെന്റ് ചെയർമാനും മുൻഫൊക്കാന പ്രസിഡന്റുമാണ് ലേഖകൻ)