
ഏഥർ ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ വില്പനയെ അനുകൂലമായി സ്വാധീനിച്ചേക്കാവുന്ന വലിയൊരു അപ്ഡേറ്റുമായി നിർമാതാക്കൾ. സ്കൂട്ടറിന്റെ ബാറ്ററി പാക്കിലാണ് പുതിയ നവീകരണം വരുന്നത്. ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിൽ കൂടി ഏഥറുമായി അടുത്ത് ബന്ധമുള്ള ചില വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് 146 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുന്ന ബാറ്ററി പാക്കുകളാണ് പുതിയ ഏഥറിൽ വരുന്നത്.
ഏഥറിന്റെ രണ്ട് മോഡലുകളും ഏഥർ 450 പ്ളസും ഏഥർ 450 എക്സും പുതിയ ബാറ്ററി പാക്കുകളോടെ ഉടൻ വിപണിയിൽ എത്തുമെന്നാണ് സൂചന. നിലവിൽ 2.9 കെ ഡബ്ളിയു എച്ച് പവറുള്ള ബാറ്ററി പാക്കാണ് ഏഥറിൽ ഉപയോഗിക്കുന്നത്. ഇത് 3.66 കെ ഡബ്ളിയു എച്ച് ആയിട്ട് ഉയർത്താനാണ് ഏഥർ പദ്ധതിയിടുന്നത്. പുതിയ ബാറ്ററി പാക്ക് വരുന്നതോടെ ഏഥർ 140 പ്ളസിന് 146 കിലോമീറ്റർ വരെയും ഏഥർ 450 എക്സിന് 108 കിലോമീറ്റർ വരെയും റേഞ്ച് ലഭിക്കുമെന്നാണ് കരുതുന്നത്. നിലവിൽ ഏഥർ 140 പ്ളസിന് 116 കിലോമീറ്ററും ഏഥർ 140 എക്സിന് 100 കിലോമീറ്റർ വരെയുമാണ് റേഞ്ച് ലഭിക്കുന്നത്. പുതിയ ഏഥർ മുൻ വേരിയന്റിനെ അപേക്ഷിച്ച് നീളം കൂടുതലായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. നിലവിലെ വേരിയന്റിന്റെ നീളം 1837 മില്ലിമീറ്ററാണ്. ഇതിൽ നിന്നും 25 മില്ലിമീറ്ററോളം നീളം വർദ്ധിക്കും. ഇതുമൂലം റിയർ സീറ്റ് റൈഡറിന് കൂടുതൽ സ്ഥലസൗകര്യം ലഭിക്കും.
നാല് വർഷം മുമ്പ് ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിക്കുമ്പോൾ ഏഥർ സ്കൂട്ടറുകൾക്ക് കാര്യമായ എതിരാളികൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ നിലവിൽ ഏഥറിന് ശക്തമായ വെല്ലുവിളി ഉയർത്തി ഓലയും ടിവിഎസിന്റെ ഐ ക്യൂബും രംഗത്തുണ്ട്. ഓലയ്ക്കെതിരെ നിരവധി പരാതികൾ വരുന്നുണ്ടെങ്കിലും അവയെല്ലാം പരിഹരിക്കാൻ നിർമാതാക്കൾക്ക് സാധിക്കും എന്ന ഉറപ്പിലാണ് വാഹനലോകം. ടിവിഎസിന്റെ ഐ ക്യൂബിനും ആവശ്യക്കാർ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഏഥർ തങ്ങളുടെ സ്കൂട്ടറുകളിൽ അപ്ഡേഷന് ഒരുങ്ങുന്നതെന്നാണ് സൂചന.