vijay

നടിയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ വിവാദങ്ങൾ തുടരവെ ഫേസ്‌ബുക്ക് കുറിപ്പുമായി നടനും നിർമ്മാതാവുമായ വിജയ് ബാബു. നിശബ്‌ദതയാണ് ഏറ്റവും നല്ല ഉത്തരം എന്ന് സൂചിപ്പിക്കുന്ന പോസ്‌റ്റിൽ സത്യം വിജയിക്കുമെന്ന പ്രത്യാശ വിജയ് ബാബു പ്രകടിപ്പിക്കുന്നു. 'എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല. ബഹുമാനപ്പെട്ട കോടതി പറഞ്ഞത് പ്രകാരം മാദ്ധ്യമങ്ങളോട് സംസാരിക്കില്ല. 100 ശതമാനം അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. അവസാനം സത്യം വിജയിക്കും. ദൈവം രക്ഷിക്കട്ടെ.' എന്നാണ് വിജയ് ബാബു ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.

കേസിൽ ഇന്ന് ആലുവ പൊലീസ് ക്ളബിൽ ഹാജരായ വിജയ്‌ബാബുവിനെ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തിരുന്നു. എന്നാൽ ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടിയിട്ടുള‌ളതിനാൽ ജാമ്യത്തിൽ വിട്ടയച്ചു. ഏഴ് ദിവസത്തെ ചോദ്യം ചെയ്യലിന് സഹകരിക്കണമെന്ന് വിജയ് ബാബുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചി കേന്ദ്രീകരിച്ചുള്ള ഹോട്ടലുകളിലും ഫ്ളാറ്റിലും നടനെ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. പീഡനപരാതിയിൽ നിന്ന് പിൻമാറുന്നതിനായി വിജയ് ബാബു നടിയ്ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണമുണ്ടാകും. നടിയുടെ പേര് പരസ്യമാക്കിയതിലും നടപടി നേരിടേണ്ടി വരും.