ganapathi

വിഘ്‌നവിനാശകനും ഐശ്വര്യ ദായകനും മംഗളദായകനുമാണ് ഗണപതി ഭഗവാൻ. സാക്ഷാൽ പരമേശന്റെയും പാർവതീദേവിയുടെയും മകനായ വിഘ്‌നേശ്വരൻ ബുദ്ധിയുടെയും സിദ്ധിയുടെയും നാഥനാണ്. ശ്രീമഹാഗണപതിപുരാണത്തിൽ 28ഓളം ഗണപതി ഭാവങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഐശ്വര്യ സിദ്ധിയ്‌ക്കായുളള ഗണപതി ഭാവങ്ങളിലൊന്നാണ് ജഗന്മോഹന ഗണപതി. ഐശ്വര്യസങ്കൽപത്തോടെ നടത്തുന്ന ജഗന്മോഹന ഗണപതി ഹോമവും പൂജയും വളരെ പ്രധാനമാണ്.

ജഗന്മോഹന ഗണപതിമന്ത്ര പ്രയോഗത്തിലൂടെ മന്ത്രസിദ്ധി കൈവരികയും ധനസമൃദ്ധിയുണ്ടാകുകയും ദാരിദ്രം ഇല്ലാതാകുകയും ഭൗതിക ഗുണപ്രാപ്‌തിയും ഒപ്പം മോക്ഷ പ്രാപ്‌തിയുണ്ടാകാനും മനക്ളേശങ്ങൾ അകന്ന് മന:ശുദ്ധിയ്‌ക്കും സഹായിക്കുന്നതാണ് ഈ മന്ത്രം. ഐശ്വര്യ സങ്കൽപത്തോടെ നടത്തുന്നതിനാൽ അഭീഷ്‌ട സാദ്ധ്യം ഉടനുണ്ടാകും. മനസറിഞ്ഞ് പൂജചെയ്‌താൽ ദിവസങ്ങൾക്കകം തന്നെ ധനസമൃദ്ധിയും ഇഷ്‌ടസാദ്ധ്യവും അനുഭവത്തിൽ വരും.

ഇതിനുപുറമേ ഐശ്വര്യത്തിനും പാപശാന്തിയ്‌ക്കുമെല്ലാമായി ഗണപതിയ്‌ക്ക് നിരവധി വഴിപാടുകളുണ്ട്. വിഘ്‌നങ്ങൾ ഒഴിയാൻ നാളികേരം ഉടയ്‌ക്കുന്ന വഴിപാടാണ്. എന്നാൽ നാളികേര നിവേദ്യം രോഗദുരിത നിവാരണത്തിനാണ്. ഗണപതിയ്‌ക്ക് എണ്ണവഴിപാട് പാപങ്ങൾ അകറ്റാനാണ്. ജഗന്മോഹനഗണപതി പൂജയും ഗണപതിപൊങ്കാലയും കാര്യ വിജയത്തിനാണ്. ഗണപതി ഹോമവും നെയ്‌വിളക്കും കാര്യസാദ്ധ്യത്തിന് വേണ്ടിയുള‌ള വഴിപാടാണ്. ലക്ഷ്‌മിവിനായക ഭാവത്തിൽ ഭജിച്ചാൽ ധനലബ്‌ധിയ്‌ക്ക് സഹായിക്കും.