
ബെർലിൻ : 48-ാമത് ജി - 7 ഉച്ചകോടിയുടെ രണ്ടാം ദിനമായ ഇന്നലെ ജി 7 അംഗ രാഷ്ട്രത്തലവൻമാരുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങിയവരുമായി സൗഹൃദം പങ്കുവച്ചു. ഇന്നലെ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ മോദിയെ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് സ്വീകരിച്ചു.
ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ എന്നിവരുമായും മോദി ഉഭയകക്ഷി ചർച്ച നടത്തി. മേയിൽ നടന്ന ക്വാഡ് ഉച്ചകോടിക്കിടെയാണ് മോദിയും ബൈഡനും അവസാനമായി കണ്ടത്. ജൂലായിൽ നടക്കുന്ന ഐ2യു2 വെർച്വൽ ഉച്ചകോടിയിൽ ഇരുവരും വീണ്ടും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ദ്വിദിന ജർമ്മൻ സന്ദർശനത്തിന് ശേഷം മോദി ഇന്ന് യു.എ.ഇയിലെത്തും. പുതിയ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇന്ന് രാത്രി തന്നെ ഇന്ത്യയിലേക്ക് തിരിക്കും.