agniveer

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥിൽ ചേരുന്നതിനായി നാല് ദിവസത്തിനിടെ ലഭിച്ചത് ഒരു ലക്ഷത്തിനടുത്ത് അപേക്ഷകൾ. 94,281 പേരാണ് അപേക്ഷിച്ചതെന്ന് വ്യോമസേന അറിയിച്ചു. പദ്ധതി പ്രഖ്യാപിച്ചത് മുതൽ രാജ്യത്ത് യുദ്ധസമാനമായ സാഹചര്യവും പൊതുമുതൽ നശിപ്പിക്കുന്നതും വ്യാപകമായിരുന്നു. റെയിൽവെ സ്‌റ്റേഷനുകളിൽ കൂട്ടമായെത്തിയ പ്രതിഷേധക്കാർ നിരവധി ട്രെയിനുകൾ അഗ്നിക്കിരയാക്കി. എന്നാൽ സ്‌കീമിൽ നിന്നും പിന്നോട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതോടെ വിജ്ഞാപനം പുറപ്പെടുവിക്കുന്ന നടപടികളിലേക്ക് സൈന്യം കടന്നു.

തിങ്കളാഴ്‌ച രാവിലെ 10.30 വരെയാണ് ഇത്രയധികം പേർ അപേക്ഷിച്ചത്. ജൂൺ 14നാണ് അഗ്നിപഥ് പദ്ധതി വിവരങ്ങൾ കേന്ദ്ര സ‌ർക്കാർ പുറത്തുവിട്ടത്. 17.5 വയസുമുതൽ 21 വയസുവരെയുള‌ളവർക്ക് നാല് വർഷത്തേക്ക് സൈന്യത്തിൽ സേവനമനുഷ്‌ടിക്കാനുള‌ള പദ്ധതിയാണിത്. പ്രതിഷേധത്തെ തുടർന്ന് ഇത്തവണ ഉയർന്നപ്രായപരിധി 23ആക്കിയിരുന്നു.

ജൂൺ 24 മുതലാണ് വ്യോമസേനയിൽ അഗ്നിപഥ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങിയത്. അടുത്ത മാസം അഞ്ചിന് രജിസ്‌ട്രേഷൻ അവസാനിക്കും. ട്വിറ്ററിലൂടെയാണ് ആദ്യ മൂന്ന് ദിവസം അരലക്ഷത്തിലധികം പേർ അപേക്ഷിച്ച വിവരം വ്യോമസേന പുറത്ത് വിട്ടത്. അഗ്നിപഥ് യോജന 2022ലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടത്.

കരസേന, നാവികസേന, വ്യോമസേന എന്നിവയിൽ ഇപ്രകാരമാവും ഇനിമുതൽ സൈനികരെ ഉൾപ്പെടുത്തുന്നത്. നാല് വർഷത്തിന് ശേഷം തിരഞ്ഞെടുക്കുന്ന അഞ്ച് ശതമാനം പേരെ സ്ഥിരമായി സേവനത്തിനായി സൈന്യത്തിൽ ഉൾപ്പെടുത്തും. പിരിഞ്ഞിറങ്ങുന്ന ബാക്കിയുള്ളവർക്ക് അർദ്ധസൈനിക വിഭാഗങ്ങളിലും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലും മുൻഗണന നൽകും.ഓൺലൈൻ ടെസ്റ്റ്, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് മെഡിക്കൽ എക്സാമിനേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളുടെ തിരഞ്ഞെടുപ്പ്.