df

ബീജിംഗ്: ആഗോള തലത്തിൽ ക്രിപ്‌റ്റോ കറൻസികൾ തിരിച്ചടി നേരിടുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ചൈന. ആദ്യത്തേതും ഏറ്റവും മൂല്യമുള്ളതുമായ ബിറ്റ്‌കോയിന്റെ വില പൂജ്യത്തിലേക്ക് എത്താമെന്നാണ് ചൈനീസ് പത്രം എക്കണോമിക് ഡെയ്‌ലി നൽകുന്ന മുന്നറിയിപ്പ്. ചൈനീസ് സർക്കാരിന് കീഴിലുള്ള പത്രമാണ് എക്കണോമിക് ഡെയ്‌ലി.

'ബിറ്റ്‌കോയിൻ ഡിജിറ്റൽ കോഡുകളുടെ ഒരു കണ്ണിമാത്രമാണെന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങി ഉയർന്ന വിലയ്ക്ക് വിൽക്കുമ്പോൾ മാത്രമാണ് ബിറ്റ്‌കോയിനിൽനിന്ന് നേട്ടം ലഭിക്കുന്നത്. നിക്ഷേപകരുടെ ആത്മവിശ്വാസം തകരുകയോ അല്ലെങ്കിൽ രാജ്യങ്ങൾ നിരോധനം ഏർപ്പെടുത്തുകയോ ചെയ്താൽ ബിറ്റ്‌കോയിൻ അതിന്റെ യഥാർത്ഥ മൂല്യത്തിലേക്ക് എത്തും. യാഥാർത്ഥത്തിൽ ബിറ്റ്‌കോയിന് മൂല്യമൊന്നും ഇല്ല' എക്കണോമിക് ഡെയ്‌ലിയിൽ പറയുന്നു.

കഴിഞ്ഞ വർഷം ജൂലായിലാണ് ചൈനീസ് സർക്കാർ ബിറ്റ്‌കോയിൻ മൈനിംഗ് നിരോധിക്കുന്നത്. 2021 സെപ്തംബറിൽ ചൈന ക്രിപ്‌റ്റോ കറൻസികൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. 2018ൽ തന്നെ വിദേശ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളുടെ പ്രവർത്തനങ്ങൾക്കും രാജ്യം വിലക്കേർപ്പെടുത്തിയിരുന്നു. അതേസമയം ഈ വർഷം ആദ്യം സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി പരീക്ഷണാർത്ഥം ചൈന അവതരിപ്പിച്ചിരുന്നു.