
സ്ത്രീകളെയും പുരുഷൻമാരെയും ഒരു പോലെ ബാധിക്കുന്ന ഒന്നാണ് ലൈംഗിക പ്രശ്നങ്ങൾ. ദാമ്പത്യ ബന്ധത്തെയും ഇവ ബാധിക്കാറുണ്ട്. പുരുഷൻമാരെയാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതൽ അലട്ടാറുള്ളത്. ലൈംഗികമായ താത്‌പര്യക്കുറവ്, ഉദ്ധാരണ പ്രശ്നം, രതിമൂർച്ഛയിലേക്ക് എത്താത്ത അവസ്ഥ, പെട്ടെന്ന് രതിമൂർച്ഛയിലേക്ക് എത്തുക, ശീഘ്രസ്ഖലനം എന്നിവയാണ് പുരുഷൻമാർ നേരിടുന്ന ലൈംഗിക പ്രശ്നങ്ങൾ.
എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ ഇവയ്ക്ക് എളുപ്പം പരിഹാരം കണ്ടെത്താൻ കഴിയും. ആരോഗ്യപ്രശ്‌നങ്ങൾ, ചില മരുന്നുകളുടെ ഉപയോഗം, പ്രായാധിക്യം, മാനസിക സമ്മർദ്ദം, വിഷാദം, ഹോർമോൺ പ്രശ്നങ്ങൾ, പങ്കാളിയുമായുള്ള പ്രശ്നങ്ങൾ, ആത്മവിശ്വാസക്കുറവ്, മദ്യപാനം, പുകവലി, നാഡീസംബന്ധമായ പ്രശ്നങ്ങൾ, പരിക്കുകൾ എന്നിവയെല്ലാം പുരുഷൻമാരെ ഈ അവസ്ഥയിലേക്ക് നയിച്ചേക്കാം.
ഒന്നു ശ്രമിച്ചാൽ ഈ പ്രശ്നങ്ങൾക്ക് നിങ്ങൾക്ക് തന്നെ സ്വയം പരിഹാരം കണ്ടെത്താം. അത്യാവശ്യമെങ്കിൽ ഡോക്ടറുടെ സേവനവും തേടാം. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, ഉറക്കം എന്നിവ ആദ്യഘട്ടത്തിൽ ഉറപ്പുവരുത്തണം. മാനസിക സമ്മർദ്ദം അകറ്റാനുള്ള വഴി തേടണം. ഇത്തരം സാഹചര്യങ്ങളെ അവഗണിക്കുക. മനഃശാസ്ത്രജ്ഞരുടെ സഹായവും തേടാവുന്നതാണ്.
ചില അസുഖങ്ങളും ലൈംഗിക ജീവിതത്തെ ബാധിക്കാം. ചില അസുഖങ്ങൾക്ക് കഴിക്കുന്ന മരുന്നുകൾ ലൈംഗിക ജീവിതത്തെ ബാധിക്കുന്നുവോ എന്ന് പരിശോധിക്കണം. അത്തരം മരുന്നുകൾക്ക് പകരം ഉപയോഗിക്കാവുന്ന മരുന്നുകൾ ഡോക്ടർമാരുടെ ഉപദേശ പ്രകാരം കഴിക്കാം. വിഷാദം, പങ്കാളികൾ തമ്മിലുള്ള പ്രശ്നം ഇവയ്ക്ക് കൗൺസലിംഗിലൂടെ പരിഹാരം കണ്ടെത്താം. ഹോർമോൺ ചികിത്സ, സർജറി തുടങ്ങിയവയും ലൈംഗികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉപയോഗിക്കാറുണ്ട്.