
തിരുവനന്തപുരം: കേരളത്തിന്റെ മൊത്തം കടം 3,32,291 കോടിയായി ഉയർന്നുവെന്ന് സംസ്ഥാന സർക്കാർ. 2010-11 വർഷത്തെ താരതമ്യം ചെയ്യുമ്പോൾ കടം ഇരട്ടിയിലേറെയായി വർദ്ധിച്ചുവെന്നും സർക്കാർ നിയമസഭയിൽ അറിയിച്ചു.
കൊവിഡ് പ്രതിസന്ധിയാണ് കടം ഉയരാൻ കാരണമായി സർക്കാർ ചൂണ്ടിക്കാട്ടിയത്. ധവളപത്രം ഇറക്കില്ല, സാമ്പത്തിക ബാദ്ധ്യതകൾ തുടർന്നുള്ള മുന്നോട്ടു പോക്കിന് തടസമാകില്ലെന്നുമാണ് ധനമന്ത്രിയുടെ വിശദീകരണം. നികുതി പിരിവ് ഊർജിതമാക്കുമെന്നും ധനമന്ത്രിക്ക് വേണ്ടി സഭയിൽ മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.

സംസ്ഥാനത്തിൻറെ സാമ്പത്തിക ബാദ്ധ്യതയെ കുറിച്ച് ധവള പത്രം ഇറക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സർക്കാർ ധൂർത്തടിക്കുകയാണെന്നും ധനവകുപ്പിന് ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു.
'എല്ലാം തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. ഇങ്ങനെ പോയാൽ ശമ്പളം കൊടുക്കാൻ പോലുമുള്ള പണം സർക്കാരിൻറെ കെെയിൽ കാണില്ല. ആയിരക്കണക്കിന് കോടി രൂപയുടെ നികുതി പിരിച്ചെടുക്കാനുണ്ട്. അതുപോലും നേരെ ചൊവ്വെ നടത്താൻ സർക്കാരിന് സാധിക്കുന്നില്ല'- പ്രതിപക്ഷ നേതാവ് പറഞ്ഞു.