
ന്യൂഡൽഹി: വസ്തുത പരിശോധനാ വെബ്‌സൈറ്റായ ആൾട്ട് ന്യൂസിന്റെ സഹ-സ്ഥാപകനും മാദ്ധ്യമ പ്രവർത്തകനുമായ മുഹമ്മദ് സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്‌തു. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ സഹപ്രവർത്തകൻ പ്രതീക് സിൻഹയ്‌ക്കൊപ്പം ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
2020ൽ രജിസ്റ്റർ ചെയ്‌ത കേസിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവ് നിലവിലുള്ളപ്പോഴാണ് പൊലീസ് നടപടിയെന്നും മുൻകൂർ നോട്ടീസ് നൽകിയിരുന്നില്ലെന്നും പ്രതീക് സിൻഹ പറഞ്ഞു. മുഹമ്മദ് സുബൈറിന്റെ 2018ലെ ഹനുമാൻ വിരുദ്ധ ട്വീറ്റുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സുബൈറിന്റെ ട്വീറ്റ് ഏറെ പ്രകോപനപരവും വിദ്വേഷം ഉണർത്താൻ പര്യാപ്തവുമാണെന്ന് ഡൽഹി പൊലീസിന്റെ എഫ് ഐ ആറിൽ പറയുന്നു.
ബിജെപി മുൻ വക്താവ് നുപൂർ ശർമയുടെ നബി വിരുദ്ധ പരാമർശങ്ങളെ വിമർശിച്ച് ആഴ്ചകൾക്ക് കഴിയുമ്പോഴാണ് മുഹമ്മദ് സുബൈർ അറസ്റ്റിലാവുന്നത്. ടെലിവിഷൻ പരിപാടിക്കിടെ നുപൂർ ശർമ വിവാദപരാമർശങ്ങൾ നടത്തുന്ന ദൃശ്യങ്ങൾ ആദ്യമായി പുറത്തുവിട്ടത് സുബൈർ ആയിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിതെളിക്കുകയും ശർമയെ ബിജെപി സസ്പെൻഡ് ചെയ്യുന്നതിലും എത്തിയിരുന്നു. നുപുർ ശർമയ്ക്കെതിരെ എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
സുബൈറിന്റെ അറസ്റ്റിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷവും സാമൂഹിക പ്രവർത്തകരും രംഗത്തെത്തിയിരിക്കുകയാണ്. ബിജെപി തങ്ങളുടെ വിദ്വേഷവും മതഭ്രാന്തും തുറന്നുകാട്ടുന്നവരെ ഭയക്കുകയാണെന്നും സത്യത്തിന്റെ ഒരു ശബ്ദത്തെ അറസ്റ്റ് ചെയ്താൽ ആയിരം ശബ്ദങ്ങൾ ഉയർന്നുവരുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
Every person exposing BJP's hate, bigotry and lies is a threat to them.
— Rahul Gandhi (@RahulGandhi) June 27, 2022
Arresting one voice of truth will only give rise to a thousand more.
Truth ALWAYS triumphs over tyranny. #DaroMat pic.twitter.com/hIUuxfvq6s
പൊലീസ് നടപടി സത്യത്തെ പ്രഹരിക്കലാണെന്ന് ശശി തരൂർ എം.പി പ്രതികരിച്ചു. കെട്ടിച്ചമച്ച കേസിലാണ് സുബൈറിനെ അറസ്റ്റ് ചെയ്തതെന്നും കോടതിയുടെ സംരക്ഷണം നിലനിൽക്കേയാണ് നടപടിയെന്നും ത്രിണമൂൽ എം പി മഹുവ മൊയിത്ര പറഞ്ഞു. സമാന തെറ്റ് ചെയ്ത നുപൂർ ശർമ നികുതിദായകരുടെ ചെലവിൽ ജീവിതം ആസ്വദിക്കുകയാണെന്നും മഹുവ കുറ്റപ്പെടുത്തി.
Delhi Police bending over backwards to please sahibs & thumb nose at law.@zoo_bear arrested on trumped up case w/o notice while assisting in case where HC given him protection.
— Mahua Moitra (@MahuaMoitra) June 27, 2022
While Ms. Fringe Sharma enjoys life of protection at tax payer expense for EXACT same offences.
ഇത് മതഭ്രാന്താണ്. റിഷികേശ് മുഖർജിയുടെ 1983ലെ സിനിമയുടെ ചിത്രം റിട്വീറ്റ് ചെയ്തതിന്റെ പേരിലാണ് അറസ്റ്റെന്നും മഹുവ ചൂണ്ടിക്കാട്ടി.
This is really the lunatic fringe. @zoo_bear arrested on suo moto complaint filed by SI Special cell Delhi Police On 20/6/22 for 2018 tweet by @zoo_bear where he retweeted photo from Hrishikesh Mukherjee 1983 movie!
— Mahua Moitra (@MahuaMoitra) June 27, 2022
Time for all hanumans to check into a honeymoon hotel. pic.twitter.com/Qx7RgmhLWH
2018 മാർച്ച് 24നാണ് കേസിനാസ്പദമായ ട്വീറ്റ് സുബൈർ പങ്കുവച്ചത്. 2014നും മുൻപും ശേഷവുമുള്ള ഹനുമാൻ ഹോട്ടൽ എന്ന അടിക്കുറിപ്പോടുകൂടി ഹണിമൂൺ എന്നത് മാറ്റി ഹനുമാൻ എന്ന തിരുത്തിയ ചിത്രത്തോടൊപ്പമാണ് സുബൈർ ട്വീറ്റ് പങ്കുവച്ചത്. ഹനുമാൻ ഭക്ത് എന്ന് പേരുള്ള ട്വിറ്റർ ഉപഭോക്താവാണ് സുബൈറിന്റെ പരാമർശത്തെയും ഡൽഹി പൊലീസിനെയും ടാഗ് ചെയ്തുകൊണ്ട് പരാതി നൽകിയത്. ഹനുമാൻ ഭഗവാൻ ബ്രഹ്മചാരിയാണെന്നിരിക്കെ അദ്ദേഹത്തെ ഹണിമൂണുമായി ബന്ധിപ്പിച്ച് പരാമർശം നടത്തുന്നത് ഹിന്ദുക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കാണിച്ചായിരുന്നു പരാതി. ഇതിന് പിന്നാലെ ഡൽഹി പൊലീസ് പരാതി സ്വീകരിക്കുകയും സുബൈറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.