
മീൻ വിഭവം ഇല്ലാത്തൊരു ഉച്ചയൂണിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല മലയാളികളിൽ ഏറെപ്പേർക്കും. സമൃദ്ധമായ കടൽത്തീരവും മത്സ്യബന്ധന തുറമുഖങ്ങളുമുള്ള കേരളത്തിൽ മത്സ്യത്തിന് ഒരു ക്ഷാമവുമില്ലെന്ന് മാത്രമല്ല, കയറ്റുമതിയിലൂടെ വൻ സാമ്പത്തിക നേട്ടം സംസ്ഥാനത്തിന് ലഭിക്കുന്നുമുണ്ട്. ഉൾനാടൻ ജലാശയങ്ങളിൽ നിന്ന് ലഭിക്കുന്ന കായൽ മത്സ്യം വേറെ.
എന്നാൽ മീനിലും മായം കലർന്നിട്ട് കാലമേറെയായി. മനുഷ്യനെ മാരക രോഗത്തിനടിമയാക്കുന്ന രാസപദാർത്ഥങ്ങൾ കലർത്തിയ മീനാണ് മിക്കയിടത്തും ലഭിക്കുന്നത്. കാഴ്ചയിൽ ഇപ്പോൾ പിടിച്ചതെന്ന് തോന്നുന്ന തിളങ്ങുന്ന മത്സ്യത്തെ കണ്ടാൽ ആരും സംശയിക്കില്ല. മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും മായം കലർത്തുന്നത് കണ്ടെത്താനും നിയമനടപടി സ്വീകരിക്കാനും ഫിഷറീസ്, ഭക്ഷ്യസുരക്ഷാ വകുപ്പുകളും സംവിധാനവുമുണ്ട്. എന്നിട്ടും മായം കലർത്തിയതും പഴകിയതുമായ മത്സ്യങ്ങളുടെ വില്പനയിൽ ഒരംശം മാത്രമേ പിടികൂടി നിയമ നടപടപടി സ്വീകരിക്കുന്നുള്ളൂ.
പുനലൂരിൽ പിടിച്ചത്
10,750 കിലോ
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന 10750 കിലോ പഴകിയ മത്സ്യം കഴിഞ്ഞ വെള്ളിയാഴ്ച ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി. രാത്രി നടത്തിയ പരിശോധനയിൽ പഴകിയ ചൂരയാണ് കണ്ടെത്തിയത്. തമിഴ്നാട്ടിലെ കടലൂരിൽ നിന്ന് കരുനാഗപ്പള്ളി , തിരുവനന്തപുരം, പാരിപ്പള്ളി, ആലംകോട്, പത്തനംതിട്ട അടൂർ എന്നിവിടങ്ങളിലെ മത്സ്യ മൊത്തവ്യാപാര കേന്ദ്രങ്ങളിലേക്ക് മൂന്ന് വാഹനങ്ങളിൽ കൊണ്ടുവന്നതായിരുന്നു മത്സ്യം. കണ്ടെയ്നറിന്റെ പിന്നിലെ വാതിൽ തുറന്നപ്പോൾ തന്നെ അസഹ്യമായ ദുർഗന്ധം വമിച്ചിരുന്നു. ചെകിള പരിശോധിച്ചപ്പോൾത്തന്നെ പഴകിയ മത്സ്യമെന്ന് കണ്ടെത്തി. തുടർന്ന് കിറ്റുപയോഗിച്ച് രാസപരിശോധനയും നടത്തി. സാമ്പിളുകൾ ലാബിലേക്കയച്ച ശേഷം പിടികൂടിയ മത്സ്യം വലിയ കുഴിയെടുത്ത് അതിലിട്ട് മൂടി. ഇതേദിവസം തന്നെ ചടയമംഗലം ഇളവക്കോട്ടുള്ള മത്സ്യ കമ്മിഷൻ കടയിൽനിന്ന് 395 കിലോ പഴകിയ ചൂര, കേരചൂര എന്നിവ പിടികൂടി നശിപ്പിച്ചു. പെട്ടികളിൽ സൂക്ഷിച്ചിരുന്ന 375 കിലോ ചൂരയും 20 കിലോ കേരചൂരയുമാണ് പിടികൂടിയത്. ഇവിടെ നിന്നാണ് കിഴക്കൻ മേഖലകളിലെ ചന്തകളിലും വാഹനങ്ങളിലും വില്പനയ്ക്ക് മത്സ്യം എത്തുന്നത്.
മഞ്ഞുമലയുടെ ഒരറ്റം
ആര്യങ്കാവിൽ പിടികൂടിയ 10750 കിലോഗ്രാം പഴകിയ മത്സ്യം കേരളത്തിലേക്ക് അന്യ സംസ്ഥാനങ്ങളിൽനിന്ന് വരുന്ന മത്സ്യത്തിന്റെ ചെറിയൊരംശം മാത്രമാണെന്ന് ഫിഷറീസ്, ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ തന്നെ സമ്മതിക്കുന്നു. ആര്യങ്കാവ് പോലെ അതിർത്തി ചെക്ക് പോസ്റ്റുകളായ വാളയാർ, കളിയിക്കാവിള, മഞ്ചേശ്വരം വഴിയും നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് മത്സ്യവുമായെത്തുന്നത്. തമിഴ്നാടിന് പുറമേ കർണാടക, ആന്ധ്ര, മഹാരാഷ്ട്ര, പുതുച്ചേരി, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വൻ തോതിൽ മത്സ്യം എത്തുന്നുണ്ട്. കേരളത്തിലെ മാർക്കറ്റുകളിലൂടെ വിറ്റഴിയുന്ന ഈ മത്സ്യം എല്ലാ വിഭാഗം ആൾക്കാരും വാങ്ങി ഉപയോഗിക്കുന്നു. മലയാളികളുടെ മത്സ്യ പ്രേമം മുതലെടുത്താണിത്. കേരളത്തിലിപ്പോൾ ട്രോളിംഗ് നിരോധനമാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മാത്രമാണ് വള്ളവുമായി കടലിൽ പോകുന്നത്. ഇവർ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം നമ്മുടെ ആവശ്യത്തിന് തികയില്ല. മത്സ്യ മാർക്കറ്റുകളിലൊക്കെ ഇപ്പോൾ മത്സ്യക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഉള്ളതിന് തീവിലയുമാണ്. ഈ അവസരം മുതലെടുത്താണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് വൻ തോതിൽ മത്സ്യം സംസ്ഥാനത്തെത്തുന്നത്. വെള്ളിയാഴ്ച ആര്യങ്കാവിൽ മൂന്ന് വാഹനങ്ങളിലെ മത്സ്യം പിടികൂടിയ വിവരമറിഞ്ഞ് തമിഴ്നാട് പുളിയറയിൽ മീനുമായി വന്ന ഒട്ടേറെ വാഹനങ്ങൾ നിറുത്തിയിട്ടു. ഉദ്യോഗസ്ഥർ പരിശോധന കഴിഞ്ഞ് മടങ്ങിയതോടെയാണ് ഇവ കേരളത്തിലേക്ക് കടന്നത്. ചില വാഹനങ്ങൾ നാഗർകോവിൽ വഴി കളിയിക്കാവിള അതിർത്തി കടന്ന് കേരളത്തിലെത്തി.
ഒരു മാസം
കഴിഞ്ഞും തിളങ്ങും
മത്സ്യം കേടാകാതെ സൂക്ഷിക്കാൻ മുമ്പൊക്കെ ഐസിട്ട് സൂക്ഷിക്കുമായിരുന്നെങ്കിൽ ഇന്ന് ഫോർമലിൻ, അമോണിയ തുടങ്ങിയ രാസവസ്തുക്കളാണ് ഇതിന് ഉപയോഗിക്കുക. ഇവ തളിച്ചാൽ എത്ര മാസം കഴിഞ്ഞാലും ഫ്രഷ് മത്സ്യം പോലെ തിളങ്ങും. ഫോർമലിൻ, അമോണിയ എന്നിവ ഉപയോഗിച്ചുണ്ടെങ്കിൽ കണ്ടെത്താൻ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് സംവിധാനമുണ്ട്. ഇതിനായുള്ള കിറ്റ് രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് മറികടക്കാൻ മറ്റു ചില മാരക രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അന്യ സംസ്ഥാനങ്ങളിൽ കടലിൽനിന്ന് പിടിക്കുന്ന മത്സ്യം ഒരു മാസത്തോളം സൂക്ഷിച്ച ശേഷമാണ് വിൽപ്പന നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യങ്ങൾ തമിഴ്നാട്ടിലെ തൂത്തുക്കുടി, കടലൂർ എന്നിവിടങ്ങളിലെത്തിക്കും. അവിടെ നിന്നാണ് കേരളത്തിലെ മൊത്ത വിതരണക്കാർ ലേലത്തിൽ പിടിച്ച് അതിർത്തി കടത്തുന്നത്. പഴകിയ മത്സ്യം ആണെന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഇവർ ലേലത്തിൽ പിടിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്നതിനാലാണ് വാങ്ങി കേരളത്തിലെത്തിച്ച് കൊള്ള ലാഭം കൊയ്യുന്നത്. മായം കലർന്ന മത്സ്യം കഴിക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കും കുടൽജന്യ രോഗത്തിന് കാരണമാകും. ഇത് മൂർച്ഛിച്ച് കാൻസർ വരെയാകും. വയർ സംബന്ധമായ അസുഖങ്ങൾ ഇന്ന് മുൻപത്തേക്കാൾ കൂടുതലാണ്. ഇതിന് പ്രധാന കാരണം രാസവസ്തുക്കൾ കലർന്ന മത്സ്യം ഉപയോഗിക്കുന്നതാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
മത്സ്യം സുലഭം,
എന്നിട്ടും
സംസ്ഥാനത്തെ വിവിധ മത്സ്യബന്ധന തുറമുഖങ്ങളിലായി ടൺ കണക്കിന് മത്സ്യമാണ് നിത്യേനെ എത്തുന്നത്. ട്രോളറുകളും വൻകിട കപ്പലുകളും കടലിന്റെ ആഴത്തട്ട് വരെ കടന്നുചെന്ന് നിരോധിത വലകൾ പോലും ഉപയോഗിച്ചാണ് മത്സ്യബന്ധനം നടത്തുന്നത്. ഇങ്ങനെ പിടികൂടുന്ന മത്സ്യത്തിന്റെ നല്ലൊരു പങ്കും കയറ്റുമതിയ്ക്കായി മാറ്റും. ബാക്കിയുള്ള മത്സ്യമാണ് മാർക്കറ്റുകളിലൂടെയും ചെറുകിട കച്ചവടക്കാരിലൂടെയും നാട്ടുകാർക്ക് ലഭിക്കുന്നത്. കൂടാതെ പരമ്പരാഗത മത്സ്യ തൊഴിലാളികളും മത്സ്യബന്ധനം നടത്തുന്നുണ്ട്. അമിതമായ തോതിൽ മത്സ്യബന്ധനം നടത്തുന്നത് മൂലം കടൽ വറുതിയിലാകാതിരിക്കാനാണ് വർഷത്തിൽ 50 ദിവസത്തോളം ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്. ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് മത്സ്യ പരിശോധനയ്ക്കായി സ്ഥിരം സംവിധാനം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. സ്ഥിരം സംവിധാനം ഉണ്ടായാലും ആവശ്യത്തിന് ജീവനക്കാരില്ലെങ്കിൽ അതുകൊണ്ട് പ്രയോജനം ഉണ്ടാകില്ല. ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഇപ്പോൾത്തന്നെ ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥയാണ്.