
ചണ്ഡിഗർ: വാക്കുതർക്കത്തിനിടെ ആക്രമിക്കാനൊരുങ്ങിയ യുവാവിനെ പൊലീസുകാരൻ വെടിവച്ചു. പഞ്ചാബിലെ ദേരാ ബസ്സിയിൽ ഹബേത്പൂർ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. യുവാവ് രണ്ടു പേർക്കൊപ്പം ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെയും പൊലീസുകാരൻ യുവാവിന്റെ തുടയിൽ വെടിവയ്ക്കുന്നതിന്റെയും വീഡിയോദൃശ്യങ്ങൾ പുറത്തുവന്നു. ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ ഹിതേഷ് എന്ന യുവാവിനാണ് പരിക്കേറ്റത്. വീഡിയോ വൈറലായതോടെ വെടി വച്ച എ.എസ്.ഐ ബൽവീന്ദർ സിംഗിനെ സസ്പെൻഡ് ചെയ്തു. എ.എസ്.ഐയ്‌ക്കൊപ്പമുണ്ടായിരുന്ന മൂന്നു പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതിന് പുറമെ അന്വേഷണത്തിന് എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയും നിയോഗിച്ചു.
ചെക്ക്പോസ്റ്റിനു സമീപം യുവതിയുടെ ബാഗ് പരിശോധിക്കാൻ പൊലീസുകാർ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. ബാഗ് പരിശോധനയ്ക്കായി നൽകാൻ യുവതിയുടെ ഭർത്താവും സഹോദരനും വിസമ്മതിക്കുകയായിരുന്നു. വാക്കുതർക്കം കൈയാങ്കളിയിലേക്കെത്തിയതോടെ ബൽവീന്ദർ സിംഗ് യുവാവിനെ വെടിവച്ചു. വെടിയേറ്റ യുവാവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് ചണ്ഡിഗറിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ‘പൊലീസുകാർ ഞങ്ങളോട് അപമര്യാദയായി പെരുമാറി. എന്റെ ഭാര്യയുടെ ബാഗ് പരിശോധിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. അവർ മദ്യപിച്ചിരുന്നു. വഴക്കിനിടെ അവരിലൊരാൾ എന്റെ സഹോദരനു നേരെ വെടിവച്ചു.’ – ഹിതേഷിന്റെ സഹോദരൻ പറഞ്ഞു.