shashi-tharoor

തിരുവനന്തപുരം: 2011-12 റെയിൽവേ ബജറ്റിൽ പ്രഖ്യാപിക്കുകയും 2019-ൽ കേന്ദ്ര റെയിൽവേ മന്ത്രി തറക്കല്ലിടുകയും ചെയ്ത നേമം ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള റെയിൽവേ ബോർഡിന്റെ ന്യായരഹിതമായ തീരുമാനം തിരുത്തണമെന്ന് ഡോ. ശശി തരൂർ എംപി. കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ. അശ്വിനി വൈഭവിനയയ്ച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

'2019ൽ ആണ് ഏകദേശം 117 കോടി രൂപയുടെ ഡിപിആർ ദക്ഷിണ റെയിൽവേ അധികൃതർ റെയിൽവേ ബോർഡിന്റെ അനുമതിക്കായി സമർപ്പിച്ചത്. പാർലമെന്റിനകത്തും പുറത്തും പല തവണ പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ചോദിച്ചപ്പോഴും ഇപ്പോഴും പരിഗണനയിലാണ് എന്ന് മാത്രമാണ് പറഞ്ഞിരുന്നത്. എന്നാലിപ്പോൾ റെയിൽവേ ബോർഡ് രാജ്യസഭ സെക്രട്ടറിയേറ്റിന് നൽകിയ മറുപടിയിൽ ഡിപിആർ ന്യായീകരിക്കത്തക്കതല്ല എന്ന ഒറ്റ വരിയിൽ ഒരു സുപ്രധാന പദ്ധതി ഉപേക്ഷിക്കുകയാണ് ചെയ്തിരിക്കുന്നത്.

2019ൽ പദ്ധതിയുടെ തറക്കല്ലിടുന്ന വേളയിൽ അന്നത്തെ കേന്ദ്ര റെയിൽവേ മന്ത്രി പദ്ധതിയുടെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞത് നില നിൽക്കുമ്പോഴാണ് റെയിൽവേ ബോർഡ് ഒരു വിശദീകരണവും ഇല്ലാതെ പദ്ധതി ഉപേക്ഷിക്കുന്നത്'- ശശി തരൂർ പറഞ്ഞു.