us

ടെക്സസ് : യു.എസിലെ ടെക്സസിലെ സാൻ ആന്റണിയോയിൽ ഉപേക്ഷിക്കപ്പെട്ട ട്രക്കിൽ 46 മൃതദേഹങ്ങൾ കണ്ടെത്തി. മെക്സിക്കോ, ഹോണ്ടുറാസ്, ഗ്വാട്ടിമാല എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികളാണ് മരിച്ചവരെന്നാണ് കരുതുന്നത്.

നാല് കുട്ടികൾ ഉൾപ്പെടെ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 2 പേർ ഗ്വാട്ടിമാലയിൽ നിന്നുള്ളവരാണെന്നാണ് വിവരം. യു.എസ് - മെക്സിക്കൻ അതിർത്തിയിൽ നിന്ന് 250 കിലോമീ​റ്റർ അകലെയാണ് ട്രക്ക് കണ്ടെത്തിയത്. ട്രക്കിൽ നിന്ന് നിലവിളി കേട്ടെത്തിയ പ്രദേശവാസിയാണ് വിവരം പൊലീസിനെ അറിയിച്ചത്. ട്രക്കിലെ കടുത്ത ചൂട് സഹിക്കാനാകാതെയാകാം മരണം സംഭവിച്ചതെന്നാണ് നിഗമനം.

വായു സഞ്ചാരമില്ലാത്ത ട്രക്കിൽ കുടിവെള്ളവുമില്ലായിരുന്നു. മേഖലയിൽ താപനില തിങ്കളാഴ്ച 39.4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു. സംഭവത്തിൽ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. അന്വേഷണം ഫെഡറൽ ഏജൻസിക്ക് കൈമാറി.