
രണ്ട് കൊലയാളികൾ അറസ്റ്റിൽ
പ്രധാനമന്ത്രി മോദിക്ക് ഭീഷണിയുമായി വീഡിയോ
ഉദയ്‌പൂരിൽ സംഘർഷം, നിരോധനാജ്ഞ
ഉദയ്‌പൂർ : പ്രവാചക നിന്ദയുടെ പേരിൽ ബി. ജെ. പി പുറത്താക്കിയ മുൻ ദേശീയ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ട തയ്യൽക്കാരനായ യുവാവിനെ രണ്ട് പേർ പട്ടാപ്പകൽ കടയിൽ കയറി തല വെട്ടിക്കൊന്നത് രാജ്യത്തെ ഞെട്ടിച്ചു. ക്രൂരത മൊബൈലിൽ പകർത്തിയ പ്രതികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പരാമർശങ്ങളോടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ പ്രചരിപ്പിച്ചു.
രാജസ്ഥാനിലെ ഉദയ്‌പൂരിൽ ഇന്നലെയാണ് വിദ്വേഷക്കൊല നടന്നത്.
ഉദയ്‌പൂർ നഗരത്തിലെ ഭൂതമഹലിന് സമീപം ധൻമണ്ടിയിൽ തയ്യൽക്കട നടത്തുന്ന
കനയ്യ ലാൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊലനടത്തിയ ഗൗസ് മുഹമ്മദ്, മുഹമ്മദ് റിയാസ് അൻസാരി രാജ് എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് രണ്ട് യുവാക്കൾ ബൈക്കിൽ കടയിൽ എത്തിയത്. വസ്ത്രം തുന്നാൻ വന്നു എന്നാണ് അവർ കനയ്യയോട് പറഞ്ഞത്. ഒരാൾ മൊബൈലിൽ വീഡിയോ ചിത്രീകരിക്കുമ്പോൾ രണ്ടാമൻ വസ്‌ത്രത്തിന്റെ അളവെടുക്കാനെന്ന മട്ടിൽ നിന്നു. കനയ്യ അളവെടുക്കാൻ തുടങ്ങുമ്പോൾ ഒരാൾ വാൾ ഉപയോഗിച്ച് തലയ്‌ക്കും കഴുത്തിനും തുരുതുരാ വെട്ടുകയായിരുന്നു. കഴുത്ത് മുറിഞ്ഞ് തൂങ്ങി. അതേസമയം രണ്ടാമൻ കൃത്യം മൊബൈലിൽ പകർത്തി. കനയ്യലാൽ ഒരാളുടെ അളവെടുക്കുമ്പോൾ അക്രമി വാൾകൊണ്ട് ആക്രമിക്കുന്നത് വീഡിയോയിൽ കാണാം.കനയ്യലാലിന്റെ കഴുത്ത് മുറിഞ്ഞെങ്കിലും അറുത്ത് മാറ്റാനായില്ലെന്ന് പൊലീസ് പറഞ്ഞു.
അക്രമികൾ ആഹ്ലാദത്തോടെ നിൽക്കുന്നതും പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തുന്നതുമാണ് മറ്റൊരു വീഡിയോയിൽ.
സംഭവം നടന്നയുടനെ പ്രദേശവാസികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഉദയ്‌പൂരിൽ 24 മണിക്കൂർ ഇന്റർനെറ്റ് വിച്ഛേദിച്ചു. ജില്ലയിലെ ഏഴ് മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 600 അംഗ പൊലീസ് സേനയെ ഉദയ്പൂരിലേക്കയച്ചു.
കനയ്യലാൽ ഏതാനും ദിവസം മുമ്പ് നൂപുർ ശർമ്മയെ പിന്നുണച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ഇട്ടിരുന്നതായും അതിന്റെ പകയാണ് കൊലയെന്നും ബന്ധുക്കൾ പറഞ്ഞു.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. സങ്കല്പിക്കാവുന്നതിലും അപ്പുറമാണ് സംഭവിച്ചത്. സംഭവത്തിന്റെ വീഡിയോ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.