uae

ദുബായ് : ജർമ്മനിയിൽ നടന്ന 48-ാമത് ജി-7 ഉച്ചകോടിയിൽ പ്രത്യേക അതിഥിയായി പങ്കെടുത്ത ശേഷം ഇന്നലെ ഏകദിന സന്ദർശനത്തിനായി യു.എ.ഇയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടെത്തി സ്വീകരിച്ച് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.

അബുദാബി വിമാനത്താവളത്തിൽ എത്തിയാണ് ഷെയ്‌ഖ് മുഹമ്മദും രാജകുടുംബാംഗങ്ങളും മോദിയെ വരവേറ്റത്.

'എന്നെ സ്വാഗതം ചെയ്യാനെത്തിയ എന്റെ സഹോദരൻ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്റെ ഹൃദയത്തെ സ്പർശിച്ചു" - മോദി സോഷ്യൽ മീഡിയയിൽ കുറിച്ചു.

അന്തരിച്ച മുൻ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയ മോദി പുതിയ പ്രസിഡന്റായി ചുമതലയേറ്റ ഷെയ്ഖ് മുഹമ്മദിനെ അഭിനന്ദിച്ചു. ഷെയ്ഖ് ഖലീഫ മികച്ച രാഷ്ട്രതന്ത്രജ്ഞനും ദീർഘവീക്ഷണവുമുള്ള നേതാവായിരുന്നെന്നും അദ്ദേഹത്തിന്റെ ഭരണകാലയളവിൽ യു.എ.ഇ - ഇന്ത്യ ബന്ധം വളർന്നെന്നും മോദി പറഞ്ഞു. അബുദാബിയിൽ വച്ച് ഷെയ്ഖ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തിയശേഷം രാത്രിയോടെ മോദി ഡൽഹിയിലേക്ക് തിരിച്ചു.

2019 ഓഗസ്​റ്റിലാണ് മോദി അവസാനമായി യു.എ.ഇ സന്ദർശിച്ചത്. അത്തവണത്തെ സന്ദർശനത്തിനിടെ യു.എ.ഇയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഒഫ് സായിദ് പുരസ്‌കാരം മോദിക്ക് അന്ന് അബുദാബിയുടെ കിരീടാവകാശിയായും യു.എ.ഇ സായുധസേനയുടെ ഉപ സർവസൈന്യാധിപനുമായിരുന്ന ഷെയ്ഖ് മുഹമ്മദായിരുന്നു സമ്മാനിച്ചത്.

2015ൽ മോദി ആദ്യമായി യു.എ.ഇയിലെത്തിയപ്പോൾ രാജ്യത്തെത്തുന്ന ​രാ​ഷ്ട്ര​ത്ത​ല​വ​ന്മാർ​ക്ക് ​കൊ​ട്ടാ​ര​ത്തി​ൽ​ ​സ്വീ​ക​ര​ണ​മൊ​രു​ക്കു​കയെന്ന പതിവ് തെറ്റിച്ച് ​ ​ഷെ​യ്ഖ് ​മു​ഹ​മ്മ​ദ് ​പ്ര​സി​ഡ​ൻ​ഷ്യ​ൽ​ ​എ​യ​ർ​പോ​ർ​ട്ടി​ൽ​ ​നേ​രി​ട്ടെ​ത്തി​ സ്വീകരിച്ചത് ശ്രദ്ധേയമായിരുന്നു.