
കൊളംബിയ : കൊളംബിയൻ ജയിലിലുണ്ടായ കലാപത്തിൽ 49 തടവുകാർ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരും. 40ലേറെ പേർക്ക് പരുക്കേറ്റു. ഇന്നലെ ടുലുവ നഗരത്തിലെ ജയിലിലാണ് സംഭവം. പരസ്പരം ഏറ്റുമുട്ടിയ തടവുകാർ സുരക്ഷാ ഉദ്യോഗസ്ഥരെ അകറ്റാൻ ജയിലിനുള്ളിലെ കിടക്കകൾക്ക് തീയിട്ടതാണ് അപകടത്തിൽ കലാശിച്ചത്. പൊള്ളലേറ്റാണ് ഭൂരിഭാഗം പേരും മരിച്ചത്. ഇതിനിടെ ജയിലിൽ നിന്ന് തടവുപുള്ളികൾ രക്ഷപ്പെട്ടോ എന്ന് വ്യക്തമല്ല. ഏകദേശം 180 പേരാണ് കലാപമുണ്ടായ ജയിൽ ബ്ലോക്കിലുണ്ടായിരുന്നത്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ജയിലുകളിൽ കലാപങ്ങൾ പതിവാണ്. കഴിഞ്ഞ വർഷം മുതൽ ഇക്വഡോറിലെ ആറ് ജയിൽ കലാപങ്ങളിലായി 400ഓളം തടവുകാരാണ് കൊല്ലപ്പെട്ടത്.