
എന്റെ മാഷ്: എം.ബി. രാജേഷ്
തിരുവനന്തപുരം: ശിവദാസമേനോനുമായി വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ കാലം മുതലുള്ള ആത്മബന്ധമാണെന്ന് സ്പീക്കർ എം.ബി രാജേഷ് അനുസ്മരിച്ചു. എല്ലാവരും അദ്ദേഹത്തെ സ്നേഹാദരത്തോടെ മാഷ് എന്നാണ് വിളിച്ചിരുന്നത്. എന്നെ സ്കൂളിൽ പഠിപ്പിച്ചിട്ടില്ലെങ്കിലും എല്ലാ അർത്ഥത്തിലും അദ്ദേഹം എനിക്ക് മാഷാണ്. അടുത്തിടെ അദ്ദേഹത്തെ മഞ്ചേരിയിലെ വീട്ടിൽ പോയി കണ്ടു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വളരെ ദുഃഖമുണ്ട്.
സംഭാവനകൾ വലുത്: ഇ.പി ജയരാജൻ
തിരുവനന്തപുരം: എൽ.ഡി.എഫ് ശക്തിപ്പെടുത്തുന്നതിന് ശിവദാസ മേനോൻ നൽകിയ സംഭാവനകൾ വലുതാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. മുന്നണിയുടെ നയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് അദ്ദേഹം കാണിച്ച മാതൃക അനുകരണീയമാണെന്നും ജയരാജൻ പറഞ്ഞു.
പാർട്ടി ചട്ടക്കൂടിൽ നിന്ന നേതാവ്: വി.ഡി. സതീശൻ
തിരുവനന്തപുരം: പാർട്ടി ചട്ടക്കൂടിൽ ഉറച്ചു നിന്ന നേതാവായിരുന്നു ശിവദാസമേനോനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുസ്മരിച്ചു ഒരു നേതാവും പാർട്ടി പതാകയ്ക്ക് മുകളിൽ അല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സഭ്യത വിടാതെ എതിർ പാർട്ടികളിലെ അംഗങ്ങളോട് പെരുമാറിയിരുന്ന ശിവദാസമേനോൻ സാമാജികർക്ക് മാതൃകയാണെന്നും സതീശൻ പറഞ്ഞു. കോൺഗ്രസ് നേതാവ് വി.എം സുധീരൻ, കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.
എക്കാലവും സ്മരിക്കപ്പെടും: കാനം
തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിനായി എണ്ണമറ്റ പ്രവർത്തനങ്ങളാണ് ശിവദാസമേനോൻ നടത്തിയതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടും. പന്ന്യൻ രവീന്ദ്രൻ, കെ.ഇ. ഇസ്മയിൽ തുടങ്ങിയവരും അനുശോചിച്ചു.
വാത്സല്യനിധിയായ വഴികാട്ടി: മന്ത്രി ബിന്ദു
തിരുവനന്തപുരം: വിദ്യാർത്ഥികാലം തൊട്ട് വഴികാട്ടിയായി നിന്ന വാത്സല്യനിധിയായിരുന്നു ടി. ശിവദാസ മേനോനെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. വിദ്യാർത്ഥി പ്രതിനിധിയായി കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റിൽ പ്രവർത്തിക്കുമ്പോൾ അദ്ദേഹം മാർഗനിർദ്ദേശകനായിരുന്നെന്നും മന്ത്രി പറഞ്ഞു.
മന്ത്രി കെ. രാധാകൃഷ്ണൻ അനുശോചിച്ചു
തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ടി.ശിവദാസമേനോന്റെ നിര്യാണത്തിൽ മന്ത്രി കെ.രാധാകൃഷ്ണൻ അനുശോചിച്ചു. അദ്ദേഹത്തോടൊപ്പം 1996ൽ മന്ത്രിസഭയിൽ ഒന്നിച്ച് പ്രവർത്തിക്കാനായി. നിയമസഭയിലും മന്ത്രിസഭയിലും കന്നിക്കാരനായ എനിക്ക് ഗുരു തുല്യനായിരുന്നു ശിവദാസമേനോനെന്നും മന്ത്രി അനുസ്മരിച്ചു. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിനും പുരോഗമന പക്ഷത്തിനും കനത്ത നഷ്ടമാണ് വി.ശിവദാസമേനോന്റെ നിര്യാണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അനുസ്മരിച്ചു