
ബെർലിൻ : ജർമ്മനിയിലെ ബവേറിയയിലെ ഷ്ലോസ് എൽമൗ കാസിൽ ഹോട്ടലിൽ ഞായറാഴ്ച ആരംഭിച്ച 48-ാമത് ത്രിദിന ജി - 7 ഉച്ചകോടിയ്ക്ക് സമാപനം. യുക്രെയിന് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ റഷ്യയ്ക്ക് മേൽ കടുത്തതും ഉടനടിയുള്ളതുമായ സാമ്പത്തിക പ്രഹരങ്ങൾ ഏൽപ്പിക്കുമെന്ന് പ്രതിജ്‌ഞയെടുത്താണ് ജി - 7 ഉച്ചകോടി അവസാനിച്ചത്.
റഷ്യൻ എണ്ണ ഇറക്കുമതിയ്ക്ക് തടയിടുന്നത് സംബന്ധിച്ച കൂടുതൽ ചർച്ചകൾ വരും ആഴ്ചകളിൽ നടക്കും. റഷ്യയിൽ നിന്നുള്ള സ്വർണ ഇറക്കുമതി നിരോധനം, നികുതി വർദ്ധന തുടങ്ങിയ പുതിയ ഉപരോധങ്ങൾ നടപ്പിലാക്കാനും ധാരണയായി. റഷ്യയിലെ ഏറ്റവും വലിയ പ്രതിരോധ സ്ഥാപനമായ റോസ്റ്റെക് ഉൾപ്പെടെ പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ഉപരോധം ബാധകമാണ്. കരിങ്കടലിലൂടെയുള്ള യുക്രെയിൻ ചരക്കുനീക്കം റഷ്യ തടഞ്ഞതോടെ ഭക്ഷ്യവസ്തുക്കൾക്ക് ഉടലെടുത്ത ക്ഷാമത്തിനും പ്രതിസന്ധിക്കും പരിഹാരം കണ്ടെത്തും.
അധിനിവേശത്തിന്റെ അവസാനം വരെ യുക്രെയിന് പിന്തുണ തുടരുമെന്ന് അറിയിച്ച ജി - 7 കഴിഞ്ഞ ദിവസം യുക്രെയിനിലെ ക്രെമെൻചക് നഗരത്തിലെ ഷോപ്പിംഗ് മാളിൽ റഷ്യ നടത്തിയ വ്യോമാക്രമണളെ അപലപിച്ചു.
ആഗോള താപനം തടയാനുള്ള നടപടികൾ സ്വീകരിക്കാൻ ' ക്ലൈമറ്റ് ക്ലബി"ന് രൂപം നൽകുമെന്ന് ജി - 7 നേതാക്കൾ അറിയിച്ചു. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാൻ കർശന മാർഗങ്ങൾ സ്വീകരിക്കും.
അതേ സമയം, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ള ജി - 7 നേതാക്കൾ സ്പെയിനിലെ മാഡ്രിഡിൽ ഇന്ന് നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കും. ജി - 7ലെ നാറ്റോ അംഗമല്ലാത്ത ഏക രാജ്യമായ ജപ്പാനെ നാറ്റോ ഉച്ചകോടിയിൽ അതിഥിയായി ക്ഷണിച്ചിട്ടുണ്ട്.