
ന്യൂഡൽഹി: ഡൽഹിയിൽ അമിത്ഷായുമായി നടത്തിയ ചർച്ചകൾക്കുശേഷം ചടുലനീക്കങ്ങളുമായി ദേവേന്ദ്ര ഫഡ്നാവിസ്. വൈകിട്ട് മുംബയിൽ മടങ്ങിയെത്തിയ ഫഡ്നാവിസ് ഗവർണർ ഭഗത് സിംഗ് കോഷിയാരിയെ കണ്ടു. മഹാവികാസ് അഘാഡിക്കുള്ള പിന്തുണ പിൻവലിച്ച് ഗവർണർക്ക് കത്തു നൽകിയ ഗിരീഷ് മഹാജൻ അടക്കം 9 എം.എൽ.എമാരും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും ഒപ്പമുണ്ടായിരുന്നു.
വിമതനേതാവ് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഗുവാഹത്തിയിൽ കഴിയുന്ന ശിവസേനാ എം.എൽ.എമാരെ അടുത്ത ദിവസങ്ങളിൽ മുംബയിലെത്തിച്ച് ഉദ്ധവ് താക്കറെ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഫഡ്നാവിസിന്റെ സന്ദർശനമെന്നാണ് സൂചന. അതേസമയം, 40 വിമത എം.എൽ.എമാരും തിരികെ വരണമെന്ന് വികാരനിർഭരമായ വാക്കുകളാൽ അഭ്യർത്ഥിച്ച് ഉദ്ധവ് താക്കറെ കത്തയച്ചു.
അതിനിടെ, മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കണ്ട് രാഷ്‌ട്രീയ സ്ഥിതിഗതികൾ വിവരിച്ചു. വിമത എം.എൽ.എമാരുടെ നീക്കം സംബന്ധിച്ച് ഒന്നര മണിക്കൂറാണ് അമിത്ഷായുമായി ചർച്ച നടത്തിയത്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും രാജ്യസഭാഅംഗവുമായ മഹേഷ് ജെത്‌മലാനിയും ഒപ്പമുണ്ടായിരുന്നു. ഫഡ്‌നാവിസ് പിന്നീട് ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയെയും കണ്ടു.
ഇന്നലെ ഗുവാഹത്തിയിൽ നിന്ന് ഡൽഹിക്ക് പുറപ്പെട്ട വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ താമസിയാതെ ഗവർണർ ഭഗത് സിംഗ് കോഷിയാരിയെ കാണുമെന്നാണ് സൂചന. ഡെപ്യൂട്ടി സ്‌പീക്കറുടെ അയോഗ്യതാ നോട്ടീസിന് മറുപടി നൽകാൻ ജൂലായ് 12വരെ സമയം ലഭിച്ച സാഹചര്യത്തിലാണ് വിമതപക്ഷം അടുത്ത നടപടികളിലേക്ക് കടക്കുന്നത്. തനിക്ക് സ്വതന്ത്രർ അടക്കം 50 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് ഷിൻഡെ ഇന്നലെയും ആവർത്തിച്ചു. അതേസമയം, കാബിനറ്റിൽ അവശേഷിച്ച മന്ത്രിമാരെ വച്ച് ഉദ്ധവ് ഇന്നലെ മന്ത്രിസഭാ യോഗം നടത്തി.
വിമതർ തിരിച്ചുവരണമെന്ന് ഉദ്ധവ്
ഭിന്നതകൾ പറഞ്ഞു തീർക്കാമെന്നും ശിവസേനയിലേതുപോലെ മറ്റാരും നിങ്ങളെ അംഗീകരിക്കില്ലെന്നും വിമതരോട് ഉദ്ധവ് താക്കറെ കത്തിൽ പറഞ്ഞു. മറ്റുള്ളവരുടെ തന്ത്രങ്ങൾക്ക് വിധേയരാകരുതെന്നും എന്ത് അഭിപ്രായഭിന്നതകളുണ്ടെങ്കിലും പറഞ്ഞു തീർക്കാമെന്നും അദ്ദേഹം അറിയിച്ചു.
റാവത്തിന് സമയം നൽകി ഇ.ഡി
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ സഞ്ജയ് റാവത്തിനോട് ജൂലായ് ഒന്നിന് ഹാജരാകാൻ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് നിർദ്ദേശം നൽകി. ഇന്നലെ ഹാജരാകില്ലെന്ന് സഞ്ജയ് റാവത്ത് അറിയിച്ചതിനെ തുടർന്നാണ് കൂടുതൽ സമയം അനുവദിച്ചത്.