
മലപ്പുറം ജില്ലയിൽ ബാങ്കിംഗ് നിക്ഷേപത്തിൽ 49,103 കോടി രൂപയുടെ വർദ്ധനവ്. മാർച്ചിൽ അവസാനിച്ച പാദത്തിൽ സംരഭകത്വ പദ്ധതികളിൽ ഉൾപ്പെടെ 49,103 കോടി രൂപയുടെ നിക്ഷേപമാണ് വിവിധ ബാങ്കുകളിലെത്തിയത്. ഇതിൽ 12,334 കോടി പ്രവാസി നിക്ഷേപമാണ്. ജില്ലയിൽ 29,702.94 കോടി രൂപയുടെ വായ്പകൾ അനുവദിച്ചതായും നിക്ഷേപ വായ്പ അനുപാതം 60 : 49 ശതമാനമാണെന്നും ജില്ലാ ബാങ്കിംഗ് അവലോകന യോഗത്തിൽ അധികൃതർ വ്യക്തമാക്കി.
വിദ്യാഭ്യാസ സാമൂഹ്യ സുരക്ഷാ പദ്ധതികൾക്കായുള്ള വായ്പകൾ നൽകുന്നതിൽ ബാങ്ക് മേധാവിമാർ അനുഭാവപൂർവമായ നിലപാട് സ്വീകരിക്കണമെന്ന് കളക്ടർ വി.ആർ. പ്രേംകുമാർ പറഞ്ഞു. റിസർവ് ബാങ്ക് ജില്ലാ ലീഡ് ഓഫീസർ പ്രദീപ് കൃഷ്ണൻ സ്ഥിതിവിവര കണക്കുകൾ അവലോകനം ചെയ്തു. കാർഷിക മേഖലയ്ക്കുള്ള വായ്പ നൽകുന്നത് പ്രോത്സാഹിപ്പിക്കാനും കർഷിക അടിസ്ഥാന സൗകര്യ വികസന നിധി പോലുള്ള പദ്ധതികൾ പ്രചരിപ്പിക്കാനും യോഗത്തിൽ ധാരണയായി.
നബാർഡിന്റെ ജില്ലാ വികസന മാനേജർ എ. മുഹമ്മദ് റിയാസ് കർഷകർക്കായുള്ള വിവിധ പദ്ധതികൾ വിശദീകരിച്ചു. കാർഷിക അടിസ്ഥാന സൗകര്യവികസന നിധി സോണൽ മാനേജർ അനിൻന്റോ ഗോപാൽ കാർഷിക വായ്പകൾ പരിചയപ്പെടുത്തി. ജില്ലാ ക്രെഡിറ്റ് പ്ലാൻ കളക്ടർ പ്രകാശനം ചെയ്തു. ലീഡ് ഡെവലപ്‌മെന്റ് മാനേജർ പി.പി ജിതേന്ദ്രൻ, കനറാ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ എം. ശ്രീവിദ്യ സംസാരിച്ചു. ചേംബർ ഒഫ് കൊമേഴ്സ്, കുടുംബശ്രീ, വിവിധ ബാങ്ക് പ്രതിനിധികൾ, വിവിധ വകുപ്പുപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.