floating-house

ടോക്കിയോ: ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന പ്രകൃതി ദുരന്തങ്ങളിൽ ഒന്നായ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷനേടാൻ പുതിയ സംവിധാനവുമായി ജാപ്പനീസ് കമ്പനി. വെള്ളത്തിൽ ഒഴുകി നടക്കുന്ന വീടാണ് ജാപ്പനീസ് ഗൃഹനിർമാണ കമ്പനിയായ ഇച്ചിജോ കൊമുട്ടെൻ നിർമിച്ചത്.

വാട്ടർപ്രൂഫ് വീടുകളാണ് നിർമിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. വെള്ളപ്പൊക്കമുണ്ടായി വെള്ളത്തിന്റെ തോത് ഉയരുമ്പോൾ വീട് തറയിൽ നിന്ന് ഉയർന്ന് ഒഴുകി നടക്കാൻ തുടങ്ങും. കട്ടിയുള്ള ഇരുമ്പ് ദണ്ഡുകളുമായി വീട് ബന്ധിപ്പിച്ചിട്ടുണ്ടാകും. അതിനാൽ വെള്ളപ്പൊക്കത്തിൽപ്പെട്ട് വീട് ഒഴുകിപ്പോകുമോയെന്ന പേടി വേണ്ട. വീട്ടിലെ ഇലക്ട്രിക് വയറുകളും സ്വിച്ചുകളും മറ്റും ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്നതിനാൽ കേടുപാടുകൾ സംഭവിക്കില്ല. അഞ്ച് മീറ്റർ ഉയരത്തിൽവരെ വീടിന് ഒഴുകിനടക്കാനാവുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. വെള്ളം താഴുമ്പോൾ വീട് തിരികെ താഴേയ്ക്ക് എത്തുകയും ചെയ്യും.