
കൂട്ടുകാരുമൊത്ത് ഒരു ബീച്ച് യാത്ര എന്ന് പറയുമ്പോൾ പലരുടെയും മനസിൽ ആദ്യം വരുന്നത് ഗോവ എന്നാണ്. എന്നാൽ കടൽത്തീരത്തിന്റെ സൗന്ദര്യവും കണ്ട് കൂട്ടുകാരുമൊത്ത് അടിച്ചുപൊളിക്കാൻ ഗോവ മാത്രമല്ല വേറെയും സുന്ദരമായ ബീച്ചുകളുണ്ട്. അതിലൊന്നാണ് ഗോകർണം.

കടൽത്തീരത്താൽ മനോഹരമായ സ്ഥലമാണ് ഗോകർണം. ഈ സ്ഥലം പ്രശസ്തമായത് മഹാബലേശ്വര ശിവക്ഷേത്ര തീർത്ഥാടനത്തിന്റെ പേരിലാണ്. ക്ഷേത്രങ്ങൾ കഴിഞ്ഞാൽ ഇവിടെയെത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത് മനോഹരമായ കടൽത്തീരമാണ്.

സാഹസികമായ പാരാസെയ്‌ലിംഗ്, സ്നോർക്കിലിംഗ് പോലുള്ള വിനോദങ്ങളൊരുക്കിയിട്ടുള്ള ഇവിടം രാജ്യത്തെ പുരാതന ബീച്ചുകളുടെ പട്ടികയിലുള്ള ഒന്നാണ്. ഈ ബീച്ചിന്റെ ഭംഗി ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് ഇവിടേയ്ക്കെത്തുന്നത്. ഗോകർണത്തെത്തുന്ന സഞ്ചാരികളിൽ അധികവും വിദേശികളായതിനാൽ ഭക്ഷണത്തിനും താമസത്തിനും ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. ഭക്തിയുടെയും വിനോദത്തിന്റെയും അന്തരീക്ഷം ഒരുപോലെ പ്രധാനം ചെയ്യുന്ന ഇടമാണ് ഗോകർണം.

നവംബർ മുതൽ ഫെബ്രുവരി വരെയാണ് ഇവിടം സന്ദർശിക്കാൻ പറ്റിയ സമയം. ബംഗളൂരുവിൽ നിന്ന് 450 കിലോമീറ്ററും മംഗലാപുരത്ത് നിന്ന് 231 കിലോമീറ്ററും അകലെയാണ് ഗോകർണം. റോഡ് മാർഗം ആണെങ്കിൽ മംഗലാപുരം വഴി NH 17ലൂടെ ഗോകർണം എത്താം. കേരളത്തിൽ നിന്ന് ഗോകർണത്തേയ്ക്ക് നേരിട്ടും ട്രെയിൻ സർവീസുണ്ട്.