bride

ഹൈദരാബാദ്: സ്വപ്നം വിടരുന്ന കണ്ണുകളുമായി സർവാഭരണ വിഭൂഷിതയായ വധു അമ്മയുടെ കരം പിടിച്ച് വിവാഹവേദിയിലേക്ക് വരികയാണ്... അതിഥികൾക്കിടയിലൂടെ അവൾ കണ്ടു, മരിച്ചുപോയ പിതാവ് വിവാഹമണ്ഡപത്തിലിരിക്കുന്നു. ‌ആദ്യം അമ്പരപ്പ്, തൊട്ടടുത്ത നിമിഷം കരഞ്ഞുകൊണ്ടവൾ ഓടിയടുത്ത് അച്ഛന്റെ മാറിലണഞ്ഞു. കെട്ടിപ്പിടിച്ചുമ്മ വച്ചു. പിന്നെ ഹൃദയഭാരത്തോടെ തിരിച്ചറിഞ്ഞു, പിതാവിന്റെ മെഴുകു പ്രതിമയാണത് !

വൈകാരികമായ നിമിഷങ്ങൾക്കാണ് ഹൈദരാബാദിലെ വിവാഹവേദി സാക്ഷിയായത്.

പിതാവിന്റെ അകാലവേർപാടിൽ ദുഃഖിച്ചിരുന്ന സായ് വൈഷ്ണവിക്ക് ആശ്വാസമേകാനായി സഹോദരൻ ഫാനികുമാറാണ് വിവാഹവേദിയിൽ അച്ഛന്റെ മെഴുകുപ്രതിമ എത്തിച്ചത്. മരിച്ചുപോയ ഭർത്താവ് ആവുല സുബ്രഹ്മണ്യന്റെ തത്‌സ്വരൂപത്തിലുള്ള മെഴുകുപ്രതിമ കണ്ട ഭാര്യ പൊട്ടിക്കരഞ്ഞു. വിവാഹത്തിനെത്തിയ ബന്ധുക്കളും നാട്ടുകാരുമെല്ലാം സുബ്രഹ്‌മണ്യന്റെ പ്രതിമയെ കെട്ടിപ്പിടിച്ച് കണ്ണീർവാർത്തു. മകളുടെ വിവാഹം സ്വപ്നം കണ്ട പിതാവിന് ഇതൊരു മരണാനന്തര സാക്ഷാത്ക്കാരമായെന്ന് അതിഥികൾ പറഞ്ഞു. ജീവൻ തുടിക്കുന്ന പ്രതിമയ്ക്കൊപ്പം വധൂവരൻമാർ വിവാഹചടങ്ങുകൾ പൂർത്തിയാക്കി. ഫോട്ടോയെടുത്തു. പങ്കെടുത്തവർക്കെല്ലാം സ്നേഹസ്മരണകൾ തിരതല്ലുന്ന നിമിഷങ്ങളാണ് സമ്മാനിച്ചത്.